കർഷകർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം കൃഷിമന്ത്രി പി. പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഉടക്ക്. സി.പി.എം. കേന്ദ്രനേതൃത്വം എതിർ നിലപാട് സ്വീകരിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശനം ഇടതു നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന സി.പി.എം. നിലപാടിൽ സി.പി.ഐ. നിശ്ശബ്ദത പാലിക്കയും ചെയ്തു
കർഷകർക്ക് കണ്ടു പഠിക്കാൻ ഏറെ ഉണ്ടായിരുന്ന യാത്ര
ഇസ്രയേല്‍ അവലംബിക്കുന്ന ആധുനിക കൃഷിരീതികളെ കുറിച്ച് പഠിക്കാനാണ് കൃഷിമന്ത്രി പി. പ്രസാദും ഉദ്യോഗസ്ഥരും അവിടേക്ക് പോകാന്‍ തീരുമാനിച്ചത്. യാത്രാ ലിസ്റ്റ് വരെ തയാറാക്കി കഴിഞ്ഞിരുന്നു. പതിവിന് വിപരീതമായി കർഷകർക്കും ഇടം ലഭിച്ചിരുന്നു എന്നത് പ്രത്യേകതയായിരുന്നു.
കാർഷിക മേഖലയിൽ ഇത്രയും വലിയ ഉദഗസ്ഥ വകുപ്പ് സംവിധാനങ്ങൾ ഉണ്ടായിട്ടും എന്ത് പ്രയോജനം എന്ന് സോഷ്യൽ മീഡിയയിൽ അടക്കം പൊതു ജന ഓഡിറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും അടങ്ങുന്ന സംഘത്തെ യാത്രയ്ക്ക് നിശ്ചയിച്ചത്. എന്നാൽ ഉടക്കിന് രാഷ്ട്രീയ, സംഘടനാ പ്രശ്നങ്ങൾ കൂടി ശക്തി പകർന്നു.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവേളയില്‍ ഇടതുസര്‍ക്കാരിലെ ഒരു മന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കാനും പഠനത്തിനുമായി പോകാന്‍ ഒരുങ്ങിയത് ശരിയാണോ എന്നായിരുന്നു എതിർപ്പിൻ്റെ ആദ്യ ഘട്ടം. സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന സാഹചര്യവും ഉയർത്തി കാട്ടി. ബജറ്റിലെ സെസ് നിർദ്ദേശങ്ങളും വ്യപകമായ ചർച്ചയായിരിക്കയാണ്. ജോഡോ യാത്രയുടെ സമാപനത്തിൽ സിപിഐ പങ്കാളിയായതും ഇതിനിടയിലാണ്. ഇതിൽ സി പി എം അത്ര താതപര്യത്തിലായിരുന്നില്ല.
ഇവയ്ക്ക് എല്ലാം പിന്നാലെയാണ് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ വിളിച്ചുവരുത്തിയത്. ഒപ്പം കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ വിഷയത്തില്‍ പ്രസാദിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശയാത്ര പോകുമ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ല എന്ന നിലയ്ക്കായിരുന്നു വിമർശനം. എന്നാൽ യഥാർത്ഥ കർഷകർ ഇസ്രയേലിൽ നേരിട്ട് എത്തി അവടത്തെ ആധുനിക സാങ്കേതിക മുന്നേറ്റം നേരിൽ കണ്ടു മനസിലാക്കുന്നത് പ്രയോജനപ്രദമാവും എന്ന പ്രതീക്ഷ ഉയർന്നിരുന്നു.


