കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തു. ഗവര്‍ണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ് പലതവണ ഉന്നയിച്ചിരുന്നു. എല്‍.ഡി.എഫ് മുന്നണിയിലും ഇതേ അഭിപ്രായം രൂപപ്പെട്ട സാഹചര്യമാണ്.
ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ എന്ന കാര്യത്തിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം പരിഗണിച്ചാണ് നിയമനിര്‍മാണം എന്നതാണ് സമീപനം.
വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.
കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി ‘മുഖം കനപ്പിച്ചിരിക്കുകയായിരുന്ന’ ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.
പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.


