ഗുജറാത്തിൽ മോർബി ജില്ലയില്‍ മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്ന് 98 പേർ മരിച്ചു. മരണസംഖ്യ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. നൂറിൽ അധികേ പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിനോദസഞ്ചാരികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. 70 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം രാത്രിവൈകിയും തുടര്‍ന്നു.
അപകടത്തിന് ഇരയായതിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ചാട്ട് പൂജയുടെ ഭാഗമായി വിനോദത്തിന് എത്തിയവരായിരുന്നു. ക്ലിയറൻസ് ഇല്ലാതെയാണ് പാലം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തത് എന്ന് വാർത്തയുണ്ട്. പാലത്തിൻ്റെ സൂക്ഷിപ്പും പരിപാലനവും ഒറേവ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിയതായിരുന്നു.
തകർന്നത് കോടികൾ ചിലവഴിച്ച് നവീകരിച്ച പാലം
ആറുമാസംമുമ്പ് നവീകരണത്തിനായി അടച്ച പാലം രണ്ടു കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി 26നാണ് വീണ്ടും തുറന്നുകൊടുത്തത്. ഗുജറാത്ത് പുതുവത്സരത്തോടനുബന്ധിച്ചാണ് പാലം തുറന്നത്.
അപകടസമയം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മധ്യഭാഗമാണ് തകർന്നുവീണത്. പാലത്തിന്റെ ഇരുഭാഗത്തുമായി നിരവധിപേർ തൂങ്ങിക്കിടക്കുന്ന ദൃശ്യം പുറത്തുവന്നു. വെള്ളത്തിൽവീണ കുറച്ചുപേർ നീന്തി രക്ഷപ്പെട്ടു.
ബ്രിട്ടീഷ് കാലത്തെ പാലം
143 വർഷം പഴക്കമുള്ളതാണ് 765 അടി നീളമുള്ള ഈ തൂക്കുപാലം. 1879 ഫെബ്രുവരി 20ന് അന്നത്തെ ബോംബെ ഗവർണർ റിച്ചാർഡ് ടെമ്പിളാണ് ദർബാർഗഢും നാസർബാഗുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. അന്ന് 3.5 ലക്ഷം രൂപ ചെലവായ പാലത്തിന്റെ നിർമാണം 1880ൽ പൂർത്തിയായി. നിർമാണ സാമഗ്രികൾ മുഴുവനും ഇംഗ്ലണ്ടിൽനിന്ന് എത്തിക്കുകയായിരുന്നു. അടുത്തിടെ വീണ്ടും കോടികൾ ചിലവഴിച്ച് പാലം ബലപ്പെടുത്തി.


