ലോകചാമ്പ്യന്മാരെ തകർത്ത കരുത്തുമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഹൈദരാബാദിൽനിന്ന് ഇന്നലെ വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരത്ത് എത്തി.
ഇന്ന് ഗ്രീൻഫീൽഡിൽ വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെ ടീം പരിശീലനത്തിനിറങ്ങും. ദക്ഷിണാഫ്രിക്ക പകൽ ഒന്നുമുതൽ നാലുവരെയും പരിശീലിക്കും. അതിനുമുമ്പായി ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ മാധ്യമങ്ങളെ കാണും.
പത്രസമ്മേളനം
ടെംബ ബവുമ പകൽ 12.30നും രോഹിത്ശർമ വൈകിട്ട് 4.30നും.
ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകീട്ട് പരിശീലനത്തിന് ഇറങ്ങി. ഗ്രീൻഫീൽഡിലേത് നാലാമത്തെ രാജ്യാന്തര മത്സരമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെ കളി കാണാൻ എത്തും.
ബാക്കിയുള്ളത് 2000 ടിക്കറ്റുകൾ
മത്സരത്തിന്റെ 2000 ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. 1500 രൂപയാണ് അപ്പര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപ, കെസിഎ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ തിരിച്ചറിയൽകാർഡ് കാണിക്കണം. ഒരു ഇമെയില്‍ ഐഡിയില്‍നിന്ന് ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുകളെടുക്കാം. അതിൽ ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍വഴിയും ടിക്കറ്റ് എടുക്കാം.


