ആര്‍ട്ടെമിസ് 2 ദൗത്യത്തിൽ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ. ദൗത്യത്തിൻ്റെ ഭാഗമായുള്ള മനുഷ്യ യാത്രയാണിത്. ചന്ദ്രനില്‍ മനുഷ്യൻ്റെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. 22 ലക്ഷം കിമീ ദൈര്‍ഘ്യമുള്ള യാത്രയാണ്.
ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്പേസ് എജന്‍സിയുടെ ഒരു സഞ്ചാരിയുമാണ് ഉണ്ടാവുക.
ആർട്ടെമിസ് 2 സംഘം ചന്ദ്രനെ ചുറ്റും, ആർട്ടെമിസ് 3 ചന്ദ്രനിൽ ഇറങ്ങും
അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യയാത്രയായിരിക്കും ആര്‍ട്ടെമിസ് 2. എന്നാല്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പേടകം ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി തിരികെ ഇറങ്ങുകയാണ് ചെയ്യുക. ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ പുറപ്പെടുന്ന യാത്രികരാണ് അപ്പോളോ പദ്ധതിക്ക് ശേഷം വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ഇതില്‍ ഒരു വനിതയും ഉണ്ടായിരിക്കും.
നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ സഹായത്തോടെ ഓറിയോണ്‍ പേടകത്തിലായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര. 10 ദിവസം ദൈര്‍ഘ്യമുള്ള ഈ ദൗത്യത്തില്‍ ഓറിയോണ്‍ പേടകം മനുഷ്യയാത്രയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കപ്പെടും.
ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോണ്‍ പേടകത്തിന്റെയും വിക്ഷേപണ ശേഷിയും കാര്യക്ഷമതയും പരിശോധിച്ചു വിജയം നേടിയിരുന്നു.


