സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിനെ അനുകൂലിക്കാൻ കോൺഗ്രസ് തീരുമാനം അറിയിച്ചു എങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ തീർന്നില്ല. യു.ഡി.എഫ്. നേതാക്കൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ബില്ലിൽ സർക്കാരിനെ പിന്തുണയ്ക്കേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ ഒരു വിഭാഗത്തിൻ്റെ നിലപാട്.
ഗവർണറും സർക്കാരും തമ്മിൽ പോരടിക്കുന്നതിൽ കാര്യമുണ്ട്. പക്ഷെ സർക്കാരിനെ എതിർക്കുന്നതിനു പകരം അനുകൂലിക്കുന്നതുകൊണ്ട് എന്തു ഗുണമാണ് പ്രതിപക്ഷത്തിന് എന്നാണ് ചോദ്യം.
ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപമായിരുന്നു ഇതുവരെ കോൺഗ്രസ് ഉയർത്തിയിരുന്നത്. അതേ സമയം തന്നെ ഗവർണറുടെ കടന്നു കയറ്റങ്ങളിൽ അഭിപ്രായ വ്യത്യാസവും ഉണ്ടാായിരുന്നു. കേന്ദ്ര രാഷ്ട്രീയത്തിൻ്റെ ഏജൻസിയാവുന്നത് ആശങ്ക ഉയർത്തുകയും ചെയ്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായാണ് ഗവർണർ നിലപാടുകൾ സ്വീകരിക്കുന്നത്. ഗവർണർ ജനാധിപത്യസർക്കാരിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നത്. നാളെ ഏത് പാർട്ടിക്കും ഇത് അനുഭവിക്കേണ്ടി വരും. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നത് ശരിയല്ല. തികച്ചും ജനാധിപത്യ വിരുദ്ധമായാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ ഒതുക്കാൻ ശ്രമിക്കുന്നത് എന്നിങ്ങനെയായിരുന്നു പാർട്ടി വിലയിരുത്തൽ.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന തീരുമാനം ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടില്ല എന്നാണ് ഇതിനെ എതിർക്കുന്നവർ വാദിക്കുന്നത്. ഏതെങ്കിലുമൊരു ഗവർണറുമായി ഏറ്റുമുട്ടലുണ്ടായി എന്നുകരുതി നിയമം ഭേദഗതിചെയ്ത് ഗവർണറെ ഒഴിവാക്കുന്നത് ശരിയല്ല എന്നാണ് എതിർപ്പുകാരുടെ വാദം. നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഒപ്പിടരുതെന്ന് പ്രതിപക്ഷംതന്നെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യവും ഇവർ ചൂണ്ടികാട്ടുന്നു.


