വൈദ്യുതവാഹന രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുമ്പോൾ ബാറ്ററികളിലെ അടിസ്ഥാന മൂലകത്തിൻ്റെ വൻ ശേഖരം കണ്ടെത്തി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ജമ്മു കശ്മീരിൽ രാജ്യത്ത് ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തി. കശ്മീരിലെ രെയാസി ജില്ലയിലെ സലാൽ ഹൈമന എന്ന പ്രദേശത്താണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം ഇവിടെ ഉണ്ടെന്നാണ് കണക്ക്.
സ്വർണം, ലിഥിയം അടക്കം 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 51 എണ്ണത്തിൽ 5 ബ്ലോക്കുകൾ സ്വർണവും പൊട്ടാഷ്, മൊളിബ്ഡിനം തുടങ്ങിയവയാണ് മറ്റുള്ളവ.
ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ഝാർഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് വിവിധ ലോഹ – ധാതു ശേഖരങ്ങൾ കണ്ടെത്തിയിരിക്കുത്.
ബാറ്ററികളിൽ ഉപയോഗിക്കുന്ന പ്രഥാനഘടകമായ ലിഥിയത്തിന്റെ ശേഖരം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോൾ ബൊലിവിയിയിലാണ് ഏറ്റവും അധികം ഖനനം നടക്കുന്നത്. ഇവിടത്തെ തൊഴിൽ ചൂഷണവും ബാലവേലയും ലോകത്തിൽ തന്നെ വലിയ ആരോപണങ്ങൾക്ക് വിധേയമായി തുടരുകയാണ്. ചിലിയിലും ഓസ്ട്രേലിയയിലും പാറകളിൽ നിന്നും വേർതിരിച്ച് എടുക്കുന്നതും രീതിയാണ്. അർജൻ്റീനയിൽ ഖനനത്തിന് എതിരെ തദ്ദേശീയ ജനത പ്രക്ഷോഭത്തിലാണ്. ഗ്രീൻ എനർജി എന്ന നിലയ്ക്കാണ് ഇവയുടെ ഉപയോഗം കണക്കാക്കുന്നത് എങ്കിലും പ്രകൃതി ചൂഷണവും തൊഴിൽ ചൂഷണവും വിമർശിക്കപ്പെടുന്നു.

നിലവിൽ രാജ്യത്തെ ആവശ്യങ്ങൾക്കായി ലിഥിയം, നിക്കൽ, കോബാൾട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇ.വി. ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സോളാർ പാനലുകൾ തുടങ്ങിയവയിൽ ലിഥിയം ഉപയോഗിക്കുന്നുണ്ട്.
2021 ൽ കർണാടകയിലും ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. പക്ഷെ നേരിയ അളവിൽ മാത്രമായിരുന്നു.


