കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ 9,900 വോട്ടര്‍മാരില്‍ 96 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പോരാട്ടം എന്ന് സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സമ്മതിച്ചു. ശശി തരൂർ ഈ ശക്തിപ്പെടുത്തലിൻ്റെ പ്രതിനിധിയായി.
തിരഞ്ഞെടുപ്പ് കോൺഗ്രസിനകത്തെ ജനാധിപത്യ പ്രക്രിയ ഭദ്രമാണെന്ന് പ്രവർത്തകർക്കും പെതു സമൂഹത്തിനും മുന്നിൽ ഉറപ്പാക്കുന്നതിനായിരുന്നു. ശശി തരൂരിൻ്റെ മത്സരം തന്നെ അങ്ങിനെ ജയമായി മാറുന്നു. മല്ലികാർജുൻ ഗാർഗെ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന് വ്യക്തം. പക്ഷെ എതിരാളി ഇല്ലായിരുന്നു എങ്കിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിലെ ജനാധിപത്യം പരിഹസിക്കപ്പെടുമായിരുന്നു. അവിടെയാണ് ശശി തരൂരിൻ്റെ ജയം നേരത്തെ പ്രഖ്യാപിക്കുന്നത്.
ഏറെ കാത്തിരുന്ന ദിനം എന്നാണ് വോട്ട് ചെയ്യാനെത്തിയ സോണിയ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് നിലനിന്ന് കാണണം എന്നാഗ്രഹിച്ചവരും കാത്തിരുന്ന ദിനമായിരുന്നു. പക്ഷെ ശശി തരൂരിന് ശരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് ജയിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവോ അതോ ജനാധപത്യ പക്രിയയിൽ പങ്കാളിയാവുന്നു എന്ന ജയം മാത്രം മതിയായിരുന്നുവോ. എന്തായാലും കോൺഗ്രസ് രണ്ട് പതിറ്റാണ്ടിന് ശേഷം പരമോന്നത സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താൻ ജനാധപത്യ മാർഗ്ഗം തിരഞ്ഞെടുത്തു. അത് വിജയിച്ചു എന്നതാണ് ജയം.
സോണിയ ഗാന്ധി, മന്മോഹന് സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഖാര്‍ഗെ ബംഗളൂരുവിലും തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തു. ഭാരത് ജോഡോ യാത്രയിലുള്ള വോട്ടര്‍മാര്‍ക്കായി പ്രത്യേകം പോളിങ് ബൂത്ത് ബെല്ലാരിയിൽ സജ്ജീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 52 പേര് ഈ ബൂത്തില്‍ വോട്ട് ചെയ്തു.
22 വര്‍ഷത്തിന് ശേഷം നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിന് മുകളിലാണ് പോളിങ്. 68 പോളിങ് ബൂത്തുകളിലേയും ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച് എ.ഐ.സി.സി. ആസ്ഥാനത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റും. ബുധനാഴ്ച രാവിലെ മുഴുവന്‍ ബാലറ്റും കൂട്ടിക്കലര്‍ത്തിയ ശേഷമാണ് എണ്ണിത്തുടങ്ങുക.
പ്രചാരണത്തിലുടനീളം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തിൻ്റെ സഹായം ലഭിച്ച ഖാര്‍ഗെയ്ക്ക് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കോയ്മ പ്രത്യക്ഷമാണ്. കേരളത്തില്‍ നിന്ന് പോലും പ്രധാന നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം ചരിത്രമപരമായ മണ്ടത്തരം എന്നു വിലയുരുത്തുമോ എന്ന് സംശയിക്കുന്നവരുണ്ട്. എം.കെ രാഘവന്, കെ.എസ് ശബരീനാഥ്, കെ.സി അബു തുടങ്ങി ചില വേറിട്ട ശബ്ദങ്ങള്‍ തരൂരിനായി നാട്ടില്‍ നിന്നും ഉയര്‍ന്നിരുന്നു. എങ്കിലും ശശി തരൂർ ലക്ഷ്യം വെച്ച ജയം ഫലമറിയുന്നതിന് മുൻപ് തന്നെ അദ്ദേഹം നേടി കഴിഞ്ഞു.
ശശി തരൂരിൻ്റെ ട്വീറ്റിൽ ജയാരവം
വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാന്‍വേണ്ടി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ഉടൻ ശശി തരൂരിൻ്റെ ഹിന്ദിയിലുള്ള ട്വീറ്റ്. ഇത് പരാജയം ഉറപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് എന്നതരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ. എന്നാൽ ഒരു തിരഞ്ഞെടുപ്പിലേക്ക് നയിക്കുക എന്ന ജയമാണ് ശശി തരൂർ ലക്ഷ്യം വെച്ചത്. ഇത് വിജയക്കയും ചെയ്തു. അതല്ലാത്ത പ്രവർത്തനവും പ്രചാരണവും ഒന്നും ഉണ്ടായിരുന്നില്ല.
പാർട്ടി പ്രവർത്തകർ കാത്തിരിക്കുന്നത് മറ്റൊന്നാണ്. യുവ നേതൃ നിരയ്ക്ക് എത്രത്തോളം പാർട്ടിയിൽ സ്വാധീനം ഉണ്ട് എന്നതിൻ്റെ സാക്ഷ്യം കൂടിയാവും തരൂരിന് ലഭിക്കുന്ന വോട്ട്.
തിരഞ്ഞെടുപ്പ് അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ജയിച്ചു
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശശി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. ആദ്യം പ്രചാരണം തുടങ്ങിയ ശശി തരൂരിന് ഒരാഴ്ചയ്ക്കുള്ളിൽ എത്താനായത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള മല്ലികാർജുൻ ഖാർഗെയാകട്ടെ 27 സംസ്ഥാനങ്ങളിലെ നേതാക്കളേയും സന്ദർശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളത്തിൽ തികഞ്ഞ വേർതിരിവാണെന്നും തന്നെക്കാണാൻ പി.സി.സി. അധ്യക്ഷന്മാരൊന്നും എത്തുന്നില്ലെന്നും ഡൽഹി പി.സി.സി. ആസ്ഥാനത്ത് തരൂർ പരസ്യമായി പരാതിപ്പെടുകയു ചെയ്തിരുന്നു. പിന്നാലെ മധ്യപ്രദേശിൽ പ്രചാരണത്തിനെത്തിയ തരൂരിനെ വരവേറ്റത് പി.സി.സി. അധ്യക്ഷൻ കമൽനാഥും പ്രതിപക്ഷനേതാവ് ഗോബിന്ദ് സിങ്ങും അടക്കമുള്ള മുതിർന്നനേതാക്കളായിരുന്നു.
പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാർഗെയെ പിന്തുണയ്ക്കുമ്പോൾ സാധാരണപ്രവർത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂർ പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി ചർച്ചയുടെ പ്രാരംഭഘട്ടത്തിൽ ജി 23 നേതാക്കൾ തരൂരിനൊപ്പം ഉണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മനീഷ് തിവാരി അടക്കമുള്ള ജി 23 നേതാക്കൾ ഖാർഗെയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.
Political Desk Keralapost.Online


