ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും ഉറുഗ്വേ പുറത്തായി. വികാരാധീനനായി ലൂയിസ് സുവാരസിൻ്റെ തേങ്ങൽ ഫുട്ബോൾ പ്രേമികളുടെ നൊമ്പരമായി. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോള്‍ നിറകണ്ണുകളോടെ സുവാരസ് സൈഡ് ബെഞ്ചില്‍ ഇരുന്നത് ക്യാമറ ഒപ്പിയെടുത്തു. പലപ്പോഴും മുഖം ടീഷര്‍ട്ട് കൊണ്ട് മറയ്ക്കുന്നതും തേങ്ങലിൻ്റെ ശക്തിയാൽ ഇളകുന്നതും കാണാമായിരുന്നു.
മത്സരത്തില്‍ ഘാനയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പക്ഷെ ഗ്രൂപ്പിൽ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് അവസരം നഷ്ടമാക്കിയത്. സമാന്തരമായി ഈ സമയത്ത് നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയ 2-1ന് പോര്‍ചുഗലിനെ തോല്‍പ്പിച്ചു. ഇതോടെ അടുത്ത 16 അംഗത്തിൽ കയറാൻ മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള വിജയം യുറഗ്വായ്ക്ക് അനിവാര്യമായിരുന്നു. മൂന്നാമത് ഒരു ഗോളിനായി യുറഗ്വായ് കിണഞ്ഞുപരിശ്രമിച്ചിട്ടും നേടാനായില്ല.
മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോള്‍ പിറന്നത്. പെല്ലിസ്ട്രി ബോക്സിലേക്ക് നല്കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റില്‍ അരാസ്കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്കിയ പന്ത് ഡാര്വിന് ന്യൂനെസ് തട്ടി സുവാരസിന് നല്കി. സുവാരസ് നല്കിയ പന്തില്‍ നിന്നുള്ള അരാസ്കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍ കുരുങ്ങി. പിന്നെ സുവാരസിനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. ഇതിനിടെയാണ് വിഷാദത്തിലായത്.
പ്രതികാരം മറന്ന് ഘാന
2010 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പന്ത് കൈകൊണ്ട് തട്ടിയിട്ട് ഗോള്‍ നിഷേധിച്ച ലൂയി സുവാരസിന്റെ യുറഗ്വായോട് പകരം ചോദിക്കാനെത്തിയത് കൂടിയായിരുന്നു ഘാന.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഘാനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ആൻഡ്രെ ആയു നഷ്ടപ്പെടുത്തി. പിന്നാലെ രണ്ട് ഗോൾ വഴങ്ങുകയും ചെയ്തു.
2010-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഗോള്‍ ലൈനില്‍ വെച്ച് പന്ത് കൈകൊണ്ട് തട്ടിയിട്ടുകൊണ്ട് സുവാരസ് ഘാനയുടെ ഗോള്‍ നിഷേധിച്ചിരുന്നു. പിന്നാലെ റഫറി സുവാരസിന് ചുവപ്പുകാര്‍ഡ് വിധിക്കുകയും ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കുകയും ചെയ്തു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരം അസമാവോ ഗ്യാനിന് പിഴച്ചു. മത്സരത്തില്‍ ഘാനയെ കീഴടക്കി യുറുഗ്വായ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
കൈ കൊണ്ട് പന്ത് തട്ടിയിട്ടതില്‍ കുറ്റബോധമില്ലെന്നും മാപ്പുപറയില്ലെന്നും കഴിഞ്ഞ ദിവസം സുവാരസ് വ്യക്തമാക്കിയിരുന്നു.
സ്വപ്നം പോലെ കൊറിയ ചുവന്നു കത്തി
ദക്ഷിണ കൊറിയ അട്ടിമറിയോടെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. കൊറിയയുടെ അട്ടിമറി തകര്‍ത്തത് ഘാനയെ തോല്പിച്ച യുറഗ്വായുടെ സ്വപ്നമാണ്. ഗോള്‍ വ്യത്യാസം തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്.
പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
കളി ഓരോ ഗോളിന് തുല്യമായി മുന്നേറിയപ്പോൾ ഒടുവില്‍ 90-മിനിറ്റും കഴിഞ്ഞ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് കൊറിയയുടെ ലീഡ് ഗോൾ. പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടഞ്ഞ് മികച്ചൊരു കൗണ്ടറിലൂടെ കൊറിയ മുന്നേറി. സണ്‍ ഹ്യുങ്മിന്നിന്റെ മുന്നേറ്റത്തിനൊടുക്കം പെനാല്‍റ്റി ബോക്സിലേക്ക് നല്കിയ പന്ത് ഹ്വാങ് ഹീ ചാന് വലയിലെത്തിച്ചു.
പ്രീക്വാർട്ടറിലേക്ക് എത്തിയത്
ഗ്രൂപ്പ് എച്ചില് നിന്ന് പോര്‍ച്ചുഗല്‍ നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ശേഷിച്ച ഒരു സ്ഥാനത്തിനായി യുറഗ്വായും ദക്ഷിണകൊറിയയും ഘാനയും പോരടിക്കുകയായിരുന്നു. മൂന്ന് ടീമുകള്‍ക്കും തുല്യ സാധ്യതയുമുണ്ടായിരുന്നു. കൂട്ടത്തില്‍ ഏറ്റവുമധികം സാധ്യത ഘാനയ്ക്കായിരുന്നു കാരണം രണ്ട് മത്സരങ്ങളില്‍ നിന്ന് അവര്‍ക്ക് മൂന്ന് പോയന്റുണ്ടായിരുന്നു. എന്നാല്‍ യുറഗ്വായ്ക്കും കൊറിയയ്ക്കും വെറും ഒരു പോയന്റ് മാത്രം.
പക്ഷേ മൂന്നാം റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കളിയാകെ മാറി. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയയും ഘാനയെ വീഴ്ത്തി യുറഗ്വായും കരുത്തുകാട്ടി. പക്ഷേ അതില്‍ ഏത് ടീം പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കും എന്ന കാര്യത്തിലായി സംശയം. ഇരുടീമുകള്‍ക്കും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ്. ഗോള്‍ വ്യത്യാസത്തിലും തുല്യത.
പക്ഷേ യുറഗ്വായിയെ മറികടന്ന് ദക്ഷിണ കൊറിയയാണ് അവസാന 16-ലേക്ക് മുന്നേറിയത്. ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണമാണ് ഇവിടെ അളവുകോലായത്. എതിരാളികളുടെ വലയിലെത്തിച്ച ഗോളുകളുടെ എണ്ണമെടുത്താല്‍ കൊറിയ നേടിയത് നാല് ഗോളുകള്‍. യുറഗ്വായ് വെറും രണ്ട് ഗോളുകള്‍ മാത്രമാണ് അടിച്ചത്. ഇതോടെ കൊറിയ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. സുവാരസും സംഘവും കണ്ണീരോടെ തിരിച്ച് നാട്ടിലേക്ക്.


