ജെഡിഎസ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി വാർത്ത. ബിജെപി കേന്ദ്ര നേതൃത്വവുമായി ജെഡിഎസ് നേതൃത്വം ചർച്ചയ്ക്ക് ഒരുങ്ങുന്നതായാണ് സൂചന.
ദേവഗൗഡയും കുമാരസ്വാമിയും അമിത് ഷാ അടക്കമുള്ള നേതാക്കളുമായി കാണാനാണ് സാധ്യത. കർണാടകയിൽ നിന്ന് നാല് ലോക്സഭാ സീറ്റുകളിൽ മത്സരിക്കാനാണ് ജെഡിഎസ് ലക്ഷ്യം വെക്കുന്നത്. എൻഡിഎയുമായി സഖ്യം ചേർന്ന് മത്സരിച്ചാൽ നാല് സീറ്റുകൾ ആവശ്യപ്പെടും. ഇതിനുള്ള നീക്കങ്ങളാണ് സജീവമായിട്ടുള്ളത്. ഇത് കേരളത്തിലെ എൽ ഡി എഫ് മുന്നണിയിൽ ആശയ കുഴപ്പം ഉയർത്തും.
12-ാം തീയതി നിതീഷ് കുമാർ വിളിച്ച പ്രതിപക്ഷ യോഗത്തിൽ ജെഡിഎസ്സിന് ക്ഷണമുണ്ടായിരുന്നില്ല. ഒഡിഷ തീവണ്ടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അശ്വിനി വൈഷ്ണവ് രാജി വയ്ക്കേണ്ടെന്ന് ഇന്നലെ ദേവഗൗഡ പറഞ്ഞിരുന്നു. ദുരന്തമുണ്ടായപ്പോൾ സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മന്ത്രി അഭിനന്ദനാർഹമായ തരത്തിലാണ് ജോലി ചെയ്തതെന്നും ദേവഗൗഡ പറയുകയുണ്ടായി.


