രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിച്ചു. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെ പദയാത്ര തുടങ്ങി. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.
കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ കേരള പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാഹുൽ ഗൂഡല്ലൂരിലെത്തിയത്.
ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. കന്യാകുമാരി മുതൽ കാശ്മീർ വരെ 3571 കിലോമീറ്ററാണ് രാഹുൽ ഗാന്ധി യാത്ര ചെയ്യുന്നത്. ആറു മാസംകൊണ്ടാണ് പദയാത്ര പൂർത്തിയാവുക. യാത്രയ്ക്കിടെ തന്നെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.
എന്നാൽ യാത്രയുടെ പ്രധാന ലക്ഷ്യം ജനങ്ങൾക്ക് ഇടയിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെടുന്നതായി തുടക്കത്തിൽ കേരളത്തിൽ വിമർശനമുണ്ടായി. മതവർഗ്ഗീയതയും ജനാധിപത്യ വിരുദ്ധതയും നിലനിർക്കുന്ന സാഹചര്യം ചർച്ചചെയ്യപ്പെടാതെ രാഹുലിൻ്റെ ദിന ചര്യകൾ പോലുള്ള വിഷയങ്ങിളിലേക്ക് ചർച്ച മാറി എന്നാണ് വിമർശനം ഉയർന്നത്. അടിസ്ഥാന പ്രശ്നങ്ങളിൽ നിൽക്കാതെ പുറം കാഴ്ചകളിലേക്ക് ശ്രദ്ധ മാറ്റുന്നു എന്നും വിലയിരുത്തപ്പെട്ടു.


