എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യും തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിലാണ്.
പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്ക് ആവില്ല എന്നാണ് വിലയിരുത്തൽ. ഇയാളെ കേരളത്തില്‍ എത്തിച്ചത് ആരെന്ന് കണ്ടെത്തേണ്ടതുണ്ട്. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിലൂടെ വലിയ ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു. കേരള പൊലീസ് എന്നാൽ ഇത്തരം ബന്ധങ്ങളെ കുറിച്ച് നിരീക്ഷണം ഒന്നും നടത്തിയിട്ടില്ല.
കോഴിക്കോട് എലത്തൂരിലുണ്ടായ ട്രെയിന്‍ തീവെപ്പില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് പ്രധാനമായും അന്വേഷണം നടത്തിയത്. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
വന്‍സംഘം തന്നെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഷാരൂഖ് സെയ്ഫിക്ക് ഇതിന് പ്രേരണ നല്‍കിയതിന് പിന്നിലും ഇവരുടെ കൈകളുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിന് പിന്നിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഏജൻസികൾ സംശയിക്കുന്നു.
മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരിക്കില്ല. പരിശീലനത്തിൻ്റെ കുറവായിരിക്കാം കാരണം എന്നും വിലയിരുത്തലുകളുണ്ട്.
ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും വലിയ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതിന് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
പ്രതിയെ കൂടുതല്‍ചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കേസ് കേന്ദ്ര ഏജനസകൾക്ക് വിടാമെന്നാണ് കേരള പോലീസിന്റെ തീരുമാനമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പ്പിച്ചുള്ള ഉത്തരവിറക്കാനുള്ള നീക്കവുമുണ്ട്.


