എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂറെന്ന് പൊലീസിന്റെ കണ്ടെത്തൽ. ആരുടെയും സഹായമില്ലാതെ ഒരു ദിവസം കേരളത്തിൽ എത്തി ഇത്രയും നേരം ചിലവഴിച്ച് വിധ്വംസക പ്രവർത്തനത്തിന് ആവശ്യമായ വസ്തുക്കൾ ശേഖരിച്ചത് എങ്ങിനെ. ഷൊർണ്ണൂരിൽ ചെലവിട്ട 14 മണിക്കൂറുകളിൽ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് അന്വേഷണത്തിൽ നിർണായകമാകും.
എന്നാൽ ഇക്കാര്യത്തിൽ പ്രതി ഒരു വെളിപ്പെടുത്തലിനും തയ്യാറായിട്ടില്ല. എന്തിനാണ് 14 മണിക്കൂർ ഷൊർണൂരിൽ ചെലവിട്ടത് എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോടും ഇയാൾ വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഷൊർണ്ണൂരിൽ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്.
വിവിധയിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. റെയിൽവേ സ്റ്റേഷനും പെട്രോൾ പമ്പിനും പുറമെ ഇയാളെത്തിയെ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇയാൾ സമീപ ദിവസങ്ങളിൽ ഉപയോഗിച്ച സിം കാർഡുകളെക്കുറിച്ച് വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള ആളുകളും ഉണ്ട് എന്നാണ് പൊലിസും കേന്ദ്ര ഏജൻസികളും സംശയിക്കുന്നത്.


