ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി യഥാർഥ പ്രതിയല്ലെന്ന് പോലീസ്.
സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മാത്രമല്ല വഴിയിൽ നിർത്തിയ ട്രെയിനിൽ നിന്ന് ഇയാളെ കൃത്യമായി ബൈക്കിൽ കയറ്റി കൊണ്ടു പോയി എന്നതിലും അസ്വാഭാവികതയുണ്ടായിരുന്നു.
സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് സംശയിച്ചത്. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും യുവാവിനെ കണ്ട കാര്യം വ്യക്തമാക്കിയായിരുന്നു.
മംഗലാപുരത്തേക്ക് പോകുന്ന വിദ്യാർഥിക്ക് വിനയായത് സി സി ടി വിയിൽ പതിഞ്ഞ ചിത്രം
‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.
സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്.
സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല. പ്രതി ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്


