തത്കാൽ ടിക്കറ്റെടുക്കുന്നതിന് വ്യാജ സോഫ്റ്റ്വേർ നിർമിച്ച് രാജ്യം മുഴവൻ വില്പന നടത്തുന്ന ആറുപേരെ റെയിൽവേ സംരക്ഷണസേന അറസ്റ്റുചെയ്തു. 28 കോടി രൂപയുടെ റെയിൽവേ ടിക്കറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. നാലുമാസത്തെ അന്വേഷണത്തിലാണ് പശ്ചിമ റെയിൽവേയിലെ റെയിൽവേ സംരക്ഷണസേന തട്ടിപ്പ് സംഘത്തെ കുടുക്കിയത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായാണ് പ്രവർത്തിച്ചിരുന്നത്. രണ്ടുപേർ മുംബൈയിൽനിന്നുള്ളവരാണ്.
സോഫ്ട് വേർ നിർമ്മിച്ച് മണി ചെയിൻ മാതൃകയിൽ 2500 രൂപയ്ക്ക് വിതരണം നടത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്. ആർക്കും തട്ടിപ്പിൽ കണ്ണിയാവാം. ഐ ആർ സി ടി സി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സോഫ്ട് വേർ പരിഷ്കരിച്ചതോടെ സങ്കീർണ്ണമായി തീർന്നിട്ടുണ്ട്. ഈ അവസരം കൂടി തട്ടിപ്പു സംഘങ്ങൾ മുതലെടുക്കുകയാണ്.
മനൻ വഗേല (രാജ്കോട്ട്), കനയ്യ ഗിരി, അമൻ ശർമ (മുംബൈ), അഭിഷേക് ശർമ (വാപ്പി), വിരേന്ദ്ര ഗുപ്ത (വൽസാഡ്), അഭിഷേക് തിവാരി (ഉത്തർപ്രദേശ്) എന്നിവരാണ് പിടിയിലായത്.
ആവർത്തിക്കുന്ന തട്ടിപ്പ്
ഇതിനുമുമ്പും ഇത്തരം സോഫ്റ്റ്വേർ നിർമിച്ചു വിതരണംചെയ്തവരെ മുംബൈയിൽനിന്ന് പിടികൂടിയിരുന്നു.
ഐ.ആർ.സി.ടി.സി.യുടെ ടിക്കറ്റ് ബുക്കിങ് സോഫ്റ്റ്വേറിലെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം മറികടക്കാമെന്നതാണ് ഈ വ്യാജ സോഫ്റ്റ്വേറിന്റെ പ്രത്യേകത. നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ ടിക്കറ്റുകൾ ഇതുപയോഗിച്ച് ബുക്കുചെയ്യാം. 2000 രൂപ മുതൽ 3500 രൂപവരെ വിലയ്ക്കാണ് വ്യാജ സോഫ്റ്റ്വേർ വിൽക്കുന്നത്. രാജ്കോട്ടിലെ ടിക്കറ്റ് ബുക്കിങ് ഏജന്റ് മനൻ വഗേലയെ പിടികൂടിയതോടെയാണ് ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സഹായകമായത്.
‘കോവിഡ്-എക്സ്’ എന്ന പേരിലാണ് ഈ സോഫ്റ്റ്വേർ പുറത്തിറക്കിയത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റിൽ ഒരാൾക്ക് നിശ്ചിത എണ്ണം ടിക്കറ്റുകൾ മാത്രമേ ബുക്കുചെയ്യാൻ പറ്റൂ. എന്നാൽ, ഈ സോഫ്റ്റ്വേർ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് പരിധിയില്ല.
വ്യാജ യൂസർ ഐ.ഡി.കളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കൂടുതൽപ്പേർ ഉടൻ പിടിയിലാകുമെന്നും പശ്ചിമറെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
മുതലെടുക്കുന്നത് ഐ ആർ സി ടി സിയുടെ പരിമിതകൾ
ഐ ആർ സി ടി സിയിൽ കയറി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഇപ്പോൾ സങ്കീർണ്ണമായി മാറിയിരിക്കയാണ്. പരസ്യങ്ങളും ലോഗിൻ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ അകറ്റുന്നു. മാത്രമല്ല നിലവിലുള്ള അക്കൌണ്ട് ഉപയോഗിച്ച് ഇതിൽ കയറിപ്പറ്റാനും പാടാണ്. പലപ്പോഴും കാശ് ഡെബിറ്റ് ചെയ്ത ശേഷമാണ് പാസ് വേർഡും ഐ ഡിയും ചോദിക്കുക. എന്നാൽ ഇത് എത്ര തവണ അടിച്ചാലും ലോഗിൻ ചെയ്യാനാവില്ല.


