ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള എച്ച് എടുക്കലും, റോഡ് ടെസ്റ്റും ഇനി ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷൻ വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ചും ആവാം. കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്ജിന് ട്രാന്സ്മിഷന് എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രനിര്‍ദേശം ഉണ്ടായിരുന്നു. ഇതിനു തുടർച്ചയായുള്ള നിയമ പ്രശ്നങ്ങൾ പരിഗണിച്ചാണ് ഉത്തരവ് എന്നാണറിയുന്നത്.
ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണ് കേന്ദ്ര നിയമ പ്രകാരം വ്യവസ്ഥയുള്ളത്. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ ബാധകമാകുക. ഇരുചക്ര വാഹനങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഔട്ട് ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ലൈസന്‍സുണ്ട്. ഇവ നാലു ചക്രവാഹനങ്ങളിൽ പിന്തുടരാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല.
ഗിയർ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഓട്ടോ മാറ്റിക് വാഹനങ്ങൾ എളുപ്പമാണ്. എന്നാൽ ഓട്ടോ മാറ്റികിൽ പരിശീലനം നേടി ലൈസൻസ് നേടുന്നവർക്ക് ഗിയർ വാഹനം ഓടിക്കാൻ പ്രത്യേകം പരിശീലിക്കേണ്ടി വരും. ഇത് ടെസ്റ്റിൽ ഉൾപ്പെടുത്താതെ വന്നാൽ റോഡിൽ ഉണ്ടാവുന്ന ആശയ കുഴപ്പവും അപകട സാധ്യതയും വർധിക്കില്ലെ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
2019-ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗതാഗത മന്ത്രാലായം ഗിയർ ഇല്ലാത്ത വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം എന്ന നിലയിൽ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളം നടപ്പാക്കിയിരുന്നില്ല. ഓട്ടോമാറ്റിക്കോ മാന്വല്‍ ട്രാന്സ്മിഷന് വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്ര അതോറിറ്റി നേരത്തെ തന്നെ ഉത്തരവ് ഇറക്കിയിരുന്നു. പുതിയ കാർ നിർമ്മാതാക്കളുടെ താത്പര്യവും ഇതിന് പിന്നിൽ ആരോപിക്കപ്പെട്ടു.
ഓട്ടോമാറ്റിക് വാഹനങ്ങള്‍ ലൈസന്‍സ് ടെസ്റ്റിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാര്‍ മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ലൈസന്‍സ് നല്കുന്നതിനു നിലവിലുള്ള മാനദണ്ഡങ്ങളില്‍ പഠിതാവിന്റെ ഗിയര്‍ഷിഫ്റ്റ് രീതികളെ വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ കൃത്യമായ നിര്‍ദേശങ്ങള്‍ ഇല്ലാതെ ഏങ്ങനെ ടെസ്റ്റിങ് രീതിയില്‍ മാറ്റംവരുത്തുമെന്ന സംശയമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഈ സംശയങ്ങൾ നിലനിൽക്കെ തന്നെ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ടെസ്റ്റുകൾക്കും നിയമ പ്രാബല്യം ഉത്തരവിലൂടെ കൈവരികയാണ്.


