ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. 33 ആഴ്ച ഗർഭിണിയായ യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി
26 കാരിയുടെ ഹർജി പരിഗണിച്ച കോടതി യുവതിക്ക് മെഡിക്കൽ അബോർഷൻ നടത്താൻ അനുമതി നൽകി. ഡോക്ടർമാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം. ഭ്രൂണം നീക്കം ചെയ്യുന്നത് ശരിയല്ലെന്ന് ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെ ഡോക്ടർമാരുടെ സമിതി ആദ്യഘട്ടത്തിൽ അഭിപ്രായപ്പെട്ടിരുന്നു. യുവതിയുടെ അപേക്ഷയെ തുടർന്ന് ഹൈക്കോടതി ഡോക്ടർമാരുമായി സംസാരിച്ചതിന് ശേഷം ഭ്രൂണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
33 ആഴ്ച പ്രായമുള്ള തന്റെ ഭ്രൂണം നീക്കം ചെയ്യാനുള്ള അനുമതിയാണ് ഹർജിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. ഗർഭധാരണം മുതൽ നിരവധി പരിശോധനകൾ നടത്തിയിരുന്നതായി ഹർജിയിൽ പറഞ്ഞു. നവംബർ 12 ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തി. ഇത് ഉറപ്പിക്കാൻ നവംബർ 14 ന് മറ്റൊരു ആശുപത്രിയിലും പരിശോധിച്ചു. അതിലും സെറിബ്രല്‍ ഡിസോര്‍ഡര്‍ കണ്ടെത്തി.
പിന്നാലെയാണ് യുവതി ഗർഭഛിദ്രം നടത്താനുള്ള തീരുമാനത്തിൽ എത്തുന്നത്. ഇതിലെ നിയമ പ്രശ്നങ്ങളെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
സുപ്രീം കോടതി ഉത്തരവിന് തുടർച്ച
അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ് .നിയമപരമായ ഗർഭഛിദ്രത്തിനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ട് എന്നാണ് കോടിത പറഞ്ഞത്.
ലിവിങ് ടുഗെതെർ ബന്ധത്തിൽ നിന്നും ഗർഭിണിയായ 25കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതാണ് കേസിന് ആധാരമായത്. അവിവാഹിതയായ സ്ത്രീയുടെ ഗർഭഛിദ്രത്തിനു നിയമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ കേസിലെ അപ്പീലിൽ സുപ്രീംകോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും അവിവാഹിതകൾക്കു അനുമതി നിഷേധിക്കുന്നത് പ്രത്യേകമായി പരിഗണിച്ചു സുപ്രധാന വിധിയിലേക്ക് എത്തുകയായിരുന്നു.
24 ആഴ്ചയ്ക്ക് താഴെയുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന്, വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മെഡിക്കൽ പ്രഗ്നൻസി ആക്റ്റ് അനുസരിച്ചു വിവാഹിതയായ സ്ത്രീകൾക്ക് മാത്രമാണ് ഗർഭഛിദ്രം അനുവദിക്കുന്നത് . ഭിന്നശേഷി , ബലാല്‍സംഗം അതിജീവിച്ച സ്ത്രീകൾ തുടങ്ങിയ വിഭാഗത്തിന് പ്രത്യേക അനുമതിയോടെ ഗർഭഛിദ്രം അനുവദിച്ചിരുന്നു. എന്നാൽ ഗർഭഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകൾക്കാണെന്നും വിവാഹിത, ,അവിവാഹിത എന്ന വേർതിരിവ് ഭരണ ഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തം ശരീരത്തിൽ സ്ത്രീകൾക്ക് അവകാശം നൽകുന്ന സുപ്രധാന വിധിയുണ്ടായത് 2022 അന്താരാഷ്ട്ര ഗർഭഛിദ്ര ദിവസത്തിൽ ആയിരുന്നു.
ഗർഭഛിദ്രം നടത്താൻ ഭാർത്താവിൻ്റെ അനുമതി ആവശ്യമില്ല, അത് സ്ത്രീയുടെ തീരുമാനമാണ് എന്ന് കേരള ഹൈക്കോടതി കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. ”ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്,” കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും ഭാഗത്തുനിന്നുള്ള പീഡനം കാരണം മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന യുവതി തന്റെ 21 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.


