Saturday, February 21, 2026

തായ്‌വാൻ പിടിച്ചടക്കാൻ ചൈന ഒരുങ്ങുന്നു. യുദ്ധ തന്ത്ര രഹസ്യങ്ങൾ യൂട്യൂബിൽ

തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇതിനായുള്ള യുദ്ധ തന്ത്രങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലായ ‘ല്യൂഡ്’ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തു. യുക്രൈനിലെ റഷ്യൻ അധിനിവേശ യുദ്ധത്തിനിടെയാണ് ലോകത്തെ നടുക്കുന്ന പുതിയ യുദ്ധ സാധ്യത.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്.

ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ക്വാഡ് ഉച്ചകോടിക്കായി ഇപ്പോള്‍ ജപ്പാനിലാണ് ബൈഡന്‍. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയായ നടപടിയല്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

പ്രസിഡന്റ് ഷി ജിന്‍ പിങ് തായ്‌വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിസി നേതാക്കളാണ് ഓഡിയോ ചോര്‍ത്തി നല്‍കിയതെന്നും യൂട്യൂബ് ചാനലിൽ തന്നെ പറയുന്നുമുണ്ട്.

നിശ്ശബ്ദം ചൈന

ഓഡിയോ സന്ദേശത്തെ കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ ചൈനയില്‍ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നില്‍ തായ് വാൻ തന്നെയാണെന്ന ആരോപണവും ഉണ്ട്. വാർത്തയുടെ നിജസ്ഥിതിയിൽ സ്ഥിരീകരണമില്ലെങ്കിലും ലോകരാജ്യങ്ങള്‍ ജാഗ്രതയിലാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ പ്രവിശ്യകളിലെ പാര്‍ട്ടി സെക്രട്ടറിമാരും സൈനിക തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

യു ട്യൂബ് വാർത്ത പ്രകാരം ഡ്രോണുകള്‍ ബോട്ടുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാര്‍, 953 കപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാര്‍ഡുകള്‍, അത്യാഹിത ട്രാന്‍സ്ഫര്‍ സെന്ററുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകള്‍, എണ്ണ ഡിപ്പോകള്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവ ക്രമീകരിക്കാന്‍ ഗ്വാങ്ഡോങ് പ്രവിശ്യക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു.

ചോർന്നത് ഉന്നത രഹസ്യം, ചൈനയുടെ ചരിത്രത്തിലെ വിള്ളൽ

57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു രഹസ്യം പുറത്താവുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് ജനറല്‍മാരെ ചൈന വധിച്ചുവെന്നും നിരവധിപേര്‍ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ സെങ് ട്വീറ്റ് ചെയ്തതും വാർത്തയുടെ സത്യാവസ്ഥ സംബന്ധിച്ച ആശങ്ക വർധിപ്പിക്കുന്നു. യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ഓഡിയോ സന്ദേശവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം 239 ദിവസങ്ങളിലായി 961 തവണ ചൈന തായ്‌വാനില്‍ കടന്നുകയറാൻ ശ്രമിച്ചു എന്നത് വാർത്തയായിരുന്നു. ഇതേത്തുടര്‍ന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പൊതുജനത്തിനായി 28 പേജുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ പാലിക്കേണ്ട നടപടികളേക്കുറിച്ചാണ് ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വ്യോമമാര്‍ഗം ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവയും ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേ സമയം ഇത് തായ് വാൻ്റെ തന്നെ തന്ത്രമാണെന്ന മട്ടിൽ പ്രചാരണവും കൊഴുത്തു. എന്തായാലും ലോക മുഴുവൻ യുദ്ധ ഭീതിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...