കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്ലര്‍മാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടും രാജിവെക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഒരു ഗവർണർ ഇങ്ങനെ ഒരു കല്പന പുറപ്പെടുവിക്കുന്നത്. യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയാണ് ഉത്തരവിന് പിൻബലം. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന കല്പനയാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.
രാജിവെക്കാൻ ആവശ്യപ്പെട്ടവരിൽ തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ളയും ഉൾപ്പെടുന്നു. ഒമഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരണം ആർ എസ് എസ് ബ്രാൻ്റിങിൽ ഒതുക്കി സി പി എം
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തരവിനെതിരെ സി പി എം പ്രസ്താവന ഇറിക്കി. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്.എസ്.എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സിപിഎം പ്രതികരിച്ചു.
“തെറ്റു തിരുത്തൽ” സ്വാഗതം ചെയ്ത് കോൺഗ്രസ്
ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ചെയ്ത തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു.


