കേരളത്തിൽ എട്ടുജില്ലകളിലെ 66 പഞ്ചായത്തുകളുടെ പരിധിയിൽ തീരദേശ നിയന്ത്രണമേഖല (CRZ) വ്യവസ്ഥകളിൽ ഇളവ് പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളെ നിർമാണനിയന്ത്രണങ്ങളുള്ള CRZ – III വിഭാഗത്തിൽനിന്ന് കൂടുതൽ ഇളവുകളുള്ള രണ്ടാം വിഭാഗത്തിലേക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.
ധാതുഖനന സാധ്യതയുള്ള ആറു പഞ്ചായത്തുകൾക്ക് മാറ്റം അനുവദിക്കാനിടയില്ല. സി.ആർ.െസഡ്- മൂന്നാം വിഭാഗത്തിലുള്ള 175 പഞ്ചായത്തുകളെ രണ്ടാംവിഭാഗത്തിലേക്ക് മാറ്റണമെന്ന് 2011 മുതൽ കേരളം ആവശ്യപ്പെട്ടുവരുകയാണ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ 66 പഞ്ചായത്തുകളെയാണ് മാറ്റാൻ ധാരണയായത്. CRZ മാനേജ്മെൻ്റ് കമ്മിറ്റി യോഗം കേരളത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിക്കയായിരുന്നു.
66 പഞ്ചായത്തുകളിലും ദുരന്തനിവാരണ അതോറിറ്റിയുടെ പ്ലാൻ ഏർപ്പെടുത്തണം എന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്.
പട്ടികയിലുൾപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ പഞ്ചായത്തുകളും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തുകളും സി.ആർ. െസഡ് മൂന്നിൽത്തന്നെ തുടർന്നേക്കും.
2011- ലെ സി.ആർ.െസഡ് നിയമ പ്രകാരം ഒന്നുമുതൽ നാലുവരെ വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇളവ് ലഭിക്കുന്ന പഞ്ചായത്തുകൾ
*ആലപ്പുഴ: അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്.
*എറണാകുളം: ചെല്ലാനം, ചേരാനെല്ലൂർ, എളംകുന്നപ്പുഴ, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, മുളവുകാട്, നായരമ്പലം, ഞാറക്കൽ, വരാപ്പുഴ.
*കണ്ണൂർ: അഴീക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്ലിശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം.
*കാസർകോട്: അജാനൂർ, ചെങ്ങള, മോഗ്രൽ-പുത്തൂർ, പള്ളിക്കര, പള്ളൂർപെരിയ, തൃക്കരിപ്പൂർ, ഉദുമ.
*കോഴിക്കോട്: അത്തോളി, അഴിയൂർ, ബാലുശ്ശേരി, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, എടച്ചേരി, ഏറാമല, കക്കോടി, കോട്ടൂർ, മാവൂർ, മൂടാടി, നടുവന്നൂർ, ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, തലക്കുളത്തൂർ, തിക്കോടി, തിരുവള്ളൂർ, ഉള്ളിയേരി.
*മലപ്പുറം: ചേലേമ്പ്ര, തേഞ്ഞിപ്പലം, വാഴക്കാട്, വാഴയൂർ
*തൃശ്ശൂർ: പാവറട്ടി.
*തിരുവനന്തപുരം: ആണ്ടൂർക്കോണം, ചെങ്കൽ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കരുംകുളം, കോട്ടുകാൽ, മംഗലപുരം, വക്കം, വെങ്ങാനൂർ.
നിയന്ത്രണങ്ങൾ ഇങ്ങനെ
സി.ആർ.െസഡ്-1
പുതുതായി ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. എന്നാൽ കേന്ദ്ര ആണവോർജ വകുപ്പിന്റെ പദ്ധതികൾ, ട്രാൻസ്മിഷൻ ലൈൻ ഉൾപ്പടെയുള്ളവ കടന്നുപോകുന്നതിനുള്ള പൈപ്പ് ലൈനുകൾ തുടങ്ങിയവ നിർമിക്കാം.
സി.ആർ.െസഡ്-2
റോഡുകളുടെയും കെട്ടിടങ്ങളുടെയും കരഭാഗത്തുള്ള പ്രദേശത്ത് കെട്ടിടങ്ങൾ നിർമിക്കാം. പ്രദേശത്തെ ലോക്കൽ ടൗൺ പ്ളാനുകളും രാജ്യത്തെ നിയമങ്ങളും പാലിക്കണം. ഉപ്പ് നിർമാണവുമായി ബന്ധപ്പെട്ട പ്ലാന്റുകൾ നിർമിക്കാം. ഭക്ഷ്യഎണ്ണ, വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവ ഉൾപ്പെടെ അപകടസാധ്യതയില്ലാത്ത ഉത്‌പന്നങ്ങളുടെ സംഭരണത്തിനുള്ള സൗകര്യങ്ങൾ നിർമിക്കാം.
സി.ആർ.െസഡ്-3
കടലിൽനിന്ന് കരഭാഗത്തേക്ക് 200 മീറ്ററും ജലാശയങ്ങളിൽനിന്ന് കരഭാഗത്തേക്ക് 100 മീറ്ററുമുള്ള പ്രദേശത്ത് ഒരു നിർമാണപ്രവർത്തനവും അനുവദിക്കില്ല. കെട്ടിടങ്ങളിൽ നിബന്ധനകളോടെ അറ്റകുറ്റപ്പണി നടത്താം. വേലിയേറ്റ നിരപ്പിൽനിന്ന് 100 മീറ്ററിനും 200 മീറ്ററിനും ഇടയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവാസ സൗകര്യങ്ങൾ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും സമഗ്രമായ പദ്ധതിപ്രകാരം നിർമിക്കാൻ അനുവദിക്കും.


