തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.
ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ കണ്ടെത്തൽ. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമായിരുന്നു നിലപാട്. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് ട്വന്റി 20 രാഷ്ട്രീയം വ്യക്തമാക്കിയത്.
കണക്കുകൾ ചെന്നെത്തുന്നത് ഉമ തോമസിൽ
2016-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പി.ടി.തോമസ് ജയിച്ചത് 11996 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
അന്ന് കോണ്‍ഗ്രസിന് 61451,
ഇടതുപക്ഷത്തിന് 49455,
ബി.ജെ.പി.ക്ക് 21247
എന്ന നിലയിലായിരുന്നു വോട്ടുകള്‍. 2021 ആയപ്പോഴാണ് ട്വന്റി 20 മത്സരരംഗത്ത് എത്തുന്നത്. അന്ന് തിരഞ്ഞെടുപ്പില്‍ പതിമൂവായിരത്തിലേറെ വോട്ടുകള്‍ നേടാനും ട്വന്റി ട്വന്റിക്കായി. അവരുടെ സാന്നിധ്യം കാരണം യു.ഡി.എഫിന് 2016-ലേതിനേക്കാള്‍ 2000-ഓളം വോട്ടുകളും എല്‍.ഡി.എഫിന് 5000-ഓളം വോട്ടുകളും ബി.ജെ.പി.ക്ക് 6000-ഓളം വോട്ടുകളുമാണ് നഷ്ടമായത്. പി.ടി.തോമസ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ജെ.ജേക്കബിനേക്കാള്‍ 14329 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.


