തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ്. എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷക സംഘം കേരളത്തിൽ. കൂറുമാറ്റാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതതിന് തുടർച്ചയായാണ് അന്വേഷക സംഘം എത്തിയത് എന്നാണ് കരുതുന്നത്. സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടുസംഘങ്ങളായി കൊച്ചിയിലും കൊല്ലത്തും തുടരുകയാണ്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഓപ്പറേഷൻ താമര ബന്ധം വെളിപ്പെടുത്തിയത്. തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന അന്വേഷണം തുടരുകയാണ്.
കേസിലെ മുഖ്യപ്രതി സതീഷ് ശര്‍മ്മയെന്ന രാമചന്ദ്രഭാരതി കാസര്‍ഗോഡുകാരനായ മലയാളിയാണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാളും രാമചന്ദ്രഭാരതിയും സുഹൃത്തുക്കളാണ്. തുഷാർ വെള്ളാപ്പള്ളിയും ഇതേ സംഘത്തിൻ്റെ ഭാഗമായി കുതിരക്കച്ചവടത്തിന് ദല്ലാളായി എന്നതാണ് കേസ്. ഇക്കാര്യങ്ങൾ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവിലാണ്. പരിചയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് തന്നെ സമീപിച്ചിട്ടില്ലെന്നാണ് കേസിനോട് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്.