തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
14 തവണ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് വിജയശില്പികളായത്.
ഫൈനലിലെ ആദ്യ സിംഗിള്‍സ് പോരാട്ടത്തില്‍ ലക്ഷ്യ സെന്‍, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകര്‍ത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടര്‍ന്ന് നടന്ന ഡബിള്‍സ് പോരാട്ടത്തില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്സന് – കെവിന് സഞ്ജയ സുകമുല്‍ജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയര്‍ത്തി. ഫൈനലിലെ നിര്‍ണായകമായ രണ്ടാം സിംഗിള്‍സ് പോരാട്ടത്തില്‍ കിഡംബി ശ്രീകാന്ത്, ജൊനാതന്‍ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തതോടെ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കി.
ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്മാര്ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്. എച്ച് എസ് പ്രണോയ് നയിച്ച സംഘം ഇതോടെ ചരിത്രത്തിലിടം നേടി


