ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഉദ്ദവ് താക്കറെ. കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിന്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുന്നതെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷം എത്രത്തോളം ജനാധിപത്യം ഇവിടെ അവശേഷിക്കുന്നുവെന്ന് നാം ചിന്തിക്കണമെണമെന്ന് ആവശ്യപ്പെട്ടു. മർമിക് മാഗസിന്റെ 62ാം സ്ഥാപക ദിനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര സർക്കാർ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു വൈറൽ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു. അതിൽ ഒരു ദരിദ്രനായ മനുഷ്യൻ പറയുന്നു, എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ അത് സ്ഥാപിക്കാൻ വീട് ഇല്ല എന്ന്.
അരുണാചലിൽ ചൈന കടന്നു കയറ്റം നടത്തുകയാണ്. നമ്മുടെ വീടുകളിൽ ത്രിവർണപതാക സ്ഥാപിച്ചാൽ അവർ പിന്നോട്ടു പോകില്ല. ത്രിവർണപതാക ഹൃദയത്തിലും വേണം’, ഉദ്ദവ് താക്കറെ പറഞ്ഞു.
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ പിളർത്തി വിമത നേതാവ് ഏക്നാഥ് ഷിൻഡെയെ മുൻ നിർത്തി ബി ജെ പി ഭരണം അട്ടിമറിച്ചത്. ഇത് ശിവസേനക്കും ഉദ്ധവ് താക്കറെക്കും വൻ തിരിച്ചടിയായിരുന്നു. 40 എംഎൽഎമാർ എതിർചേരിയിലേക്ക് കൂറുമാറിയതോടെ സർക്കാർ വീണു. ലോക്സഭയിലും 12 എംപിമാർ ഷിൻഡെക്കൊപ്പം നിന്നു. പുറമെ, താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്തിനെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചെെനയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല – രാജ് നാഥ് സിങ്
രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചൈനയ്ക്ക് ഒരുകാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷാസംബന്ധിയായ വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അത്തരം വിഷയങ്ങളില്‍ അസത്യപ്രസ്താവനകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു. വിമര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളും ഏതു വിധത്തിലായാലും രാജ്യത്തേക്കുള്ള ഒരു നുഴഞ്ഞുകയറ്റവും ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം ശനിയാഴ്ച പ്രസ്താവിച്ചു.


