ദിലീപിൻ്റെതെന്ന് വ്യക്തമാക്കി പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍. 2017-ലെ ശബ്ദരേഖയാണെന്നാണ് ബാലചന്ദ്രകുമാർ ഇതു സംബന്ധിച്ച് വിശദീകരിക്കുന്നത്.
ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ശനിയാഴ്ച പുറത്തുവിട്ടത്. ഒപ്പം ‘ഒരുവര്‍ഷം ഒരു റെക്കോര്‍ഡും ഉണ്ടാകരുത്, ഫോണ്‍ യൂസ് ചെയ്യരുത്’ എന്ന് സഹോദരന് അനൂപ് പറയുന്നതാണെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്.
ഒരാളെ വധിക്കാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പായി ആളുകളെ വധിക്കണമെന്നും അങ്ങനെയാണെങ്കില്‍ സംശയിക്കില്ലെന്നുമാണ് ദിലീപ് പറഞ്ഞതിൻ്റെ അര്‍ഥമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഇത് സിനിമയിലെ ഒരു സംഭാഷണം കടമെടുത്താണെന്നും പറയുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ പുതിയ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്.
കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ജാമ്യഹര്‍ജിയില്‍ വാദംകേട്ട ഹൈക്കോടതി, ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.