സംസ്ഥാനത്ത് ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമായി കാലവർഷ ദുരിതം രൂക്ഷമായി. കൊല്ലം കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ കനത്ത മഴ പ്രവചിച്ച കേന്ദ്ര കാലവസ്ഥ വകുപ്പ് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്യുകയാണ്. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.
കല്ലാറിൽ നിന്ന് മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ അക്കരെയുള്ള വിനോദ സഞ്ചാരികൾക്ക് ഇപ്പുറത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാർ ചേർന്ന് ഇക്കരയ്ക്ക് എത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം.
അച്ചൻകോവിലാറിൽ വിനോദസഞ്ചാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. പത്തനംതിട്ടയിൽ റാന്നി, സീതത്തോട്, ഗവി, ചിറ്റാർ, മേഖലകളിൽ രണ്ട് മണിക്കൂറിലേറെയായി മഴ തുടരുകയാണ്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുരുമ്പമൂഴി, നാറാണംതോട് ക്രോസ്വേകൾ മുങ്ങി. കൊല്ലമുളയിൽ രണ്ട് യുവാക്കൾ ഒഴിക്കിൽപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇടക്കി മൂലമറ്റത്ത് ഉരുൾപൊട്ടൽ എന്ന് സംശയം.
വിതരുയിൽ കനത്ത മഴ തുടരുകയണ്. മക്കിയാർ ഡാം കരകവിഞ്ഞൊഴുകുന്നു. തലസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളായ പൊന്മുടി, മങ്കയം, കല്ലാർ അടച്ചു. കല്ലാർ മീൻമുട്ടിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. നെയ്യാർ ഡാമും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കനക്കുകയാണ്. നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്ളെ സ്പിൽവെകളും ഉയർത്തും. നാളെ രാവിലെ 11 മണിയോടെ ഉയർത്തും.
നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും തെക്കൻ ജില്ലകളിൽ മുന്നറിയിപ്പ് നൽകി.


