ദേവികുളത്ത് മാത്രമല്ല വയനാട്ടിലും വേണ്ടേ ഉപതിരഞ്ഞെടുപ്പ് ? കെ സുധാകരനോട് എം വി ഗോവിന്ദൻ

ദേവികുളത്തെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജയുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും നിയമവാഴ്ചക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കെ.പി.സി.സിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു

‘സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സി.പി.എം. നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ ഇത്തരം നടപടികള്‍ക്ക് സാധുത നല്‍കുന്നതാണ് കെ.പി.സി.സി. കൈക്കൊള്ളുന്ന നിലപാട്. കെ.പി.സി.സി. പ്രസിഡന്റിന്റെ ആര്‍.എസ്.എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആര്‍.എസ്.എസ് ശാഖയ്ക്ക്‌ കാവല്‍ നിന്നതായി കെ. സുധാകരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാല്‍ ആര് എതിര്‍ത്താലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ. സുധാകരന്‍, മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബി.ജെപിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബി.ജെ.പി. പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളത്.’,പ്രസ്താവനയില്‍ പറയുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...