ലോക്സഭയില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ള കൂട്ടായ ആക്രമണങ്ങൾ അവർത്തിച്ചതോടെ നാടകീയ രംഗങ്ങൾ. സോണിയയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ വാഗ്വാദവും അരങ്ങേറി.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിളിച്ചതിനെ ചൊല്ലിയുണ്ടായ ബഹളത്തിനിടയിലാണ് ഇരുനേതാക്കളും തമ്മില്‍ വാക്പോര് നടത്തിയത്.
അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയ ഗാന്ധിയുടെ പേര് ആവര്‍ത്തിച്ചു. സോണിയെ മനപൂർവ്വം നാക്കു പിഴയിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഇത് അവരെ പ്രകോപിപ്പിച്ചു.
സോണിയ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയില്‍ ആവശ്യപ്പെട്ടു. മറ്റു ബിജെപി അംഗങ്ങളും ഇതേറ്റുപിടിച്ചു. ‘സോണിയാ ഗാന്ധി, ദ്രൗപദി മുര്‍മുവിന്റെ അവഹേളിക്കാന്‍ നിങ്ങള്‍ അനുവദിച്ചു. സോണിയാജീ .. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ അനുമതി നല്കി’ സ്മൃതി ഇറാനി പറഞ്ഞു. ഇതേറ്റുപിടിച്ച് ബിജെപി എംപിമാര്‍ ബഹളംവെച്ചു. ഇതോടെ ലോക്സഭാ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുയാണെന്ന് അറിയിച്ചു.
പിന്നാലെ മുദ്രാവാക്യം വിളിച്ച ബിജെപി എംപിമാരുടെ അടുത്തേക്ക് സോണിയ ഗാന്ധി നടന്നുനീങ്ങി. രണ്ട് കോണ്‍ഗ്രസ് എംപിമാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തേക്ക് നീങ്ങിയ സോണിയ അവിടെയുണ്ടായിരുന്ന ബിജെപി എംപി രമാ ദേവിയോടായി പറഞ്ഞു, ‘അധീര്‍ രഞ്ജന്‍ ചൗധരി ഇതിനോടകം മാപ്പ് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ?’ – സോണിയ ചോദിച്ചു.
ഈ സമയത്ത് സ്മൃതി ഇറാനി ഇടപെട്ടു.’ മാഡം,ഞാന്‍ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്’ സ്മൃതി പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചടിച്ച് കൊണ്ട് എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതിയോടായി പറഞ്ഞു. പിന്നീട് ഇരുപക്ഷവും തമ്മില്‍ ബഹളമായി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും എന്‍സിപിയുടെ സുപ്രിയ സുലെയും ബഹളം വെച്ച ബിജെപി അംഗങ്ങളില്‍ നിന്ന് സോണിയ ഗാന്ധിയെ പിന്മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രംഗത്തെത്തി.
സോണിയ ഗാന്ധി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് ധനമന്ത്രി നിര്‍മലാ സീതാരാമന് ആരോപിച്ചു.
മാപ്പ് ചോദിക്കാമെന്ന് അറിയിച്ചിട്ടും സോണിയെ മുൻനിർത്തി ബഹളം, വിലക്കയറ്റവും പ്രതിഷേധവും മുങ്ങി

ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. ഇരുസഭകളലും വലിയ പ്രതിഷേധവും സൃഷ്ടിക്കപ്പെട്ടു.
വിലക്കയറ്റവും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതും സഭയിൽ സജീവമാക്കി പ്രതിപക്ഷം കരുത്ത് വീണ്ടെടുക്കുന്ന ഘട്ടത്തിലാണ് നാക്കു പിഴ നാടകീയമായി അവസരം നേടിയത്.


