സംസ്ഥാനത്തെ സർവ്വകലാശാലകളിലും നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത് പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനായുള്ള കൊളോക്കിയത്തിൻ്റെ സമാപന സെഷനിലാണ് മന്ത്രി ഇക്കര്യം പറഞ്ഞത്
സ്കില്‍ കോഴ്സുകള്‍, ഫൗണ്ടേഷന് കോഴ്സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ ഉൾചേർക്കും. വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും.
ജെ ആർ എഫ് ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ സഹായം
പ്ലേസ്മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കും. ജെ.ആർ.എഫ്, എസ്.ആർ.എഫ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകള്‍ അനുവദിക്കും.
ഇന്റഗ്രേറ്റഡ് പി.എച്ച്ഡി കോഴ്സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നല്‍കുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കും.
സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സർവ്വകലാശാല ഭരണത്തിൽ സുതാര്യത കൊണ്ടു വരും
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ് . സര്‍വ്വകലാശാലകളുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സര്‍ക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങള്‍ കൈകൊള്ളുകയെന്നും മന്ത്രി ആര്.ബിന്ദു വ്യക്തമാക്കി.


