ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ തള്ളി അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസിയുമായി അമേരിക്കന്‍ വിമാനം തായ്‌വാനില്‍ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനു തുടർച്ചയായി ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്തകളുണ്ട്.
ചൈനയുടെ മുന്നറിയിപ്പ്
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് തുരങ്കംവെക്കുന്നതിലുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വിലനല്‍കുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞിരുന്നു.
ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനില്‍ യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ സന്ദര്‍ശനം നടത്തുന്നതാണ് ചൈനയുടെ പ്രകോപനത്തിന് കാരണം. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം വളരെയേറെ അപകടകരവും പ്രകോപനപരവുമാണെന്ന് യുഎന്നിലെ ചൈനീസ് അംബാസിഡര്‍ ഷാങ് ഹുന്‍ പറഞ്ഞിരുന്നു. തായ്‌വാനില്‍ അമേരിക്ക തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്ന് അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയുടെ മറുപടി
തായ്‌വാന്റെ ജനാധിപത്യത്തെ പിന്തുണയ്ക്കാനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് തായ്‌വാന്‍ സന്ദര്‍ശനമെന്ന് പെലോസി പറഞ്ഞു. സ്വേച്ഛാധിപത്യമോ ജനാധിപത്യമോ എന്ന തിരഞ്ഞെടുപ്പിനെ ലോകം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ തായ്‌വാനിലെ 23 ദശലക്ഷം ജനങ്ങളോടുള്ള അമേരിക്കയുടെ ഐക്യദാര്‍ഢ്യം എന്നത്തേക്കാളും പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.
പെലോസിക്ക് ഇഷ്ടമുള്ള രാജ്യം സന്ദര്‍ശിക്കാന്‍ അവകാശമുണ്ടെന്നാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ പ്രതികരണം. യുഎസിന്റെ ദീര്‍ഘകാല നയങ്ങള്‍ പ്രകാരമുള്ള ഇത്തരമൊരു സന്ദര്‍ശനത്തെ ഒരു സംഘര്‍ഷാവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട കാര്യം ചൈനക്കില്ലെന്നാണ് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്.
സംഘർഷ അന്തരീക്ഷം
ചൈന വ്യോമാതിർത്തി അടച്ചു. തെക്കൻ ചൈനാ കടലിൽ അവർ സൈനികാഭ്യാസവും നടത്തി. അല്പസമയം മുൻപ് തായ്‌വാൻ പ്രസിഡൻ്റിൻ്റെ വെബ്‌സൈറ്റ് ഒരു സൈബർ അറ്റാക്കിൽ നിശ്ചലമായിരുന്നു. അതേസമയം, ജപ്പാനിൽ നിന്ന് എട്ട് യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തിയിലേക്ക് പുറപ്പെട്ടു. നാല് യുദ്ധക്കപ്പലുകൾ അമേരിക്ക കടലിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചൈനയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്തെത്തി. ഇത് അമേരിക്കയുടെ പ്രകോപനമാണെന്ന് റഷ്യ കുറ്റപ്പെടുത്തി.
ലോകം ഉറ്റു നോക്കിയ യാത്ര
1997നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്‌വാനിലെത്തുന്നത്.
പെലോസി തായ്‌വാനിലേക്ക് യാത്ര ചെയ്തെന്ന് കരുതപ്പെടുന്ന അമേരിക്കൻ വ്യോമസേനയുടെ സ്പാർ19 എന്ന വിമാനം ലോകത്ത് ഏറ്റവുമധികം ആളുകൾ ട്രാക്ക് ചെയ്ത വിമാനമായി മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് വിമാനം മലേഷ്യൻ തലസ്ഥാനമായ കോലാലംപൂരിൽ നിന്ന് പുറപ്പെട്ടത്. ഉടൻ തന്നെ സ്പാർ19 ഏറ്റവുമധികം ആളുകൾ നിരീക്ഷിക്കുന്ന വിമാനമായി. ഫ്ലൈറ്റ്‌ട്രേഡർ എന്ന ഓൺലൈൻ പോർട്ടലിൻ്റെ കണക്കുപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈ വിമാനം നിരീക്ഷിച്ചവർ 3 ലക്ഷമായിരുന്നു. ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗിനുള്ള പോർട്ടലാണ് ഫ്ലൈറ്റ്‌ട്രേഡർ. ഈ വിമാനത്തിൽ പെലോസിയോ ഒപ്പമുള്ളവരോ യാത്ര ചെയ്തിരുന്നു എന്നതിന് സ്ഥിരീകരണമില്ല.


