കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായ ജി-23യെ നയിച്ചിരുന്ന ഗുലാം നബി ആസാദ് കൂടി പടിയിറങ്ങിയതോടെ ഈ കൂട്ടായ്മയിലെ ശ്രദ്ധ ഇനി ശശി തരൂരിലേക്കാവും. ഈ ഗ്രൂപ്പിന് തന്നെ നിലനില്‍പ്പുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.
ഗാന്ധി കുടുംബം ഉയർത്തി കൊണ്ടു വന്നതാണ് ഗുലാം നബി ആസാദിനെ. അദ്ദേഹം തന്നെ നൽകിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജി-23 കൂട്ടായ്മ ഇനി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചോദ്യം കൂടിയാണ് പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ഒരേ സമയം കോൺഗ്രസിന് അതിനകത്തെ തിരുത്തൽ ഗ്രൂപ്പിനും മുഖത്തടി കിട്ടിയ സാഹചര്യമാണ്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ പാര്‍ട്ടിക്ക് ഗുലാം നബി ആസാദ് രൂപം നല്‍കുമെന്നാണ് സൂചന.
ശശി തരൂർ എന്തു ചെയ്യുന്നു
ശശി തരൂര്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ആനന്ദ് ശര്‍മ, പൃഥിരാജ് ചവാന്‍, മിലിന്ദ് ദിയോറ മുതലായ ജി-23 നേതാക്കളുടെ ഈ സാഹചര്യത്തിലെ തീരുമാനം പ്രധാനമാണ്. ഗുലാം നബി ആസാദിൻ്റെ മോഡി ബന്ധവും കശ്മീരിൽ പുതിയ പാർട്ടിക്ക് വേണ്ടിയുള്ള ശ്രമവും വ്യത്യസ്തമായ ഒരു സഖ്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. എന്തായാലും കോൺഗ്രസിനാവും ഇതും ആഘാതമേൽപ്പിക്കുക
2021ലാണ് കോണ്‍ഗ്രസില്‍ സമ്പൂര്‍ണ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതുന്നത്. പ്രസ്ഥാനത്തിനായി മുഴുവന്‍ സമയവും സജീവമായി പ്രവര്‍ത്തിക്കുന്ന അധ്യക്ഷന്‍ വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നും ഉള്‍പ്പെടെ ഈ നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
എ കെ ആന്റണി, കെ സി വേണുഗോപാല്‍ മുതലവായവര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ അമിതമായ സ്വാധീനം ചെലുത്തുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
കത്ത് ലഭിച്ചതിന് പിന്നാലെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നേതൃത്വം നീക്കുകയാണുണ്ടായത്. നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി കപില്‍ സിബല്‍, ജിതിന്‍ പ്രസാദ്, യോഗനാഥ ശാസ്ത്രി എന്നീ ജി-23 നേതാക്കളും കോണ്‍ഗ്രസ് വിട്ടിരുന്നു. ജിതിന്‍ പ്രസാദ് ബിജെപിയിലും യോഗനാഥ ശാസ്ത്രി എന്‍സിപിയിലുമാണ് ചേക്കേറിയത്.
ഉത്തരേന്ത്യയിൽ കോൺഗ്രസ് ബി ജെ പി പാർട്ടികളുടെ വ്യത്യാസം പലപ്പോഴും പേരിൽ മാത്രമായി തീർന്ന സ്ഥലങ്ങളും സാഹചര്യവുമുണ്ട്. ഇത് വിമത നേതാക്കൾക്ക് കൂടുമാറ്റം എളുപ്പമാക്കുന്നു. എല്ലാ അടവുകളും പുറത്തെടുത്താണ് കോൺഗ്രസിനെ തകർക്കാനുള്ള ശ്രമങ്ങൾ.
മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ മുതലായ ജി-23 നേതാക്കള്‍ ഹൈക്കമാന്‍ഡുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുകയും ചര്‍ച്ചകളിലൂടെ പാര്‍ട്ടിയെ തിരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജയറാം രമേഷിനെ പോലുള്ള നേതാക്കൾ പാർട്ടി ഉദ്യോഗസ്ഥർ എന്ന നിലയിൽ പ്രവർത്തനം പരിമിതപ്പെട്ടവരാണ്. രാജിയുടെ വക്കോളം എത്തിയിരുന്നെങ്കിലും നിലവില്‍ ആനന്ദ് ശര്‍മയും കോണ്‍ഗ്രസിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലാണ് പ്രതീക്ഷ വയ്ക്കുന്നത്.
ജി 23 നേതാക്കള്‍ കോണ്‍ഗ്രസിനെതിര തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിൽ ശശി തരൂരിലേക്ക് ഒരു വിഭാഗം ഉറ്റു നോക്കുന്നുണ്ട്.