Friday, February 20, 2026

നോട്ട് നിരോധനം തിരിഞ്ഞു കുത്തുന്നു, തിരിച്ചടികളുമായി പി ചിദംബരം സുപ്രീം കോടതിയിൽ

റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ശുപാര്‍ശചെയ്യാതെ കേന്ദ്ര സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് കറന്‍സി നോട്ടുകള്‍ നിരോധിക്കാൻ നിയമപരമായി അധികാരമില്ലെന്ന് പി. ചിദംബരം സുപ്രീം കോടതിയിൽ. 2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന അറുപതോളം ഹര്‍ജികളിൽ അഞ്ചംഗബെഞ്ച് വാദം കേൾക്കുകയാണ്.

ബാങ്ക് നോട്ടുകള്‍ നിയന്ത്രിക്കാനുള്ള അവകാശം റിസര്‍വ് ബാങ്കിന് മാത്രമുള്ളതാണെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ ചിദംബരം കോടതി മുൻപാകെ വ്യക്തമാക്കി.

നിയമത്തെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും തീരുമാനമെടുത്ത രീതി റദ്ദാക്കണമെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന സാമ്പത്തികതീരുമാനമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമത്തിലെ 26-ാം വകുപ്പ് പ്രയോഗിച്ചാണ് നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ചില സീരീസിലുള്ള നോട്ടുകള്‍ മാത്രം പിന്‍വലിക്കാനേ സര്‍ക്കാരിന് 26(2) വകുപ്പ് പ്രകാരം അധികാരമുള്ളൂവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കുംമുമ്പ് അതിന്റെ ഭീകരമായ ആഘാതം വിലയിരുത്തിയില്ല.

ശേഷി 300 കേടി അച്ചടിക്കാൻ പിൻവലിച്ചത് 2300 കോടി

പ്രതിമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ പ്രസ്സുകള്‍ക്ക് ശേഷിയുള്ളൂ എന്നിരിക്കെ 2300 കോടി നോട്ടുകളാണ് പിന്‍വലിച്ചത്. രാജ്യത്തെ 2.15 ലക്ഷം എ.ടി.എമ്മുകള്‍ പുതിയ നോട്ടുകളെ ഉള്‍ക്കൊള്ളുംവിധം സജ്ജമാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ആലോചിച്ചില്ല. ബാങ്കുകളില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരത്തിലാണുള്ളത്. മൂന്നിലൊന്ന് മാത്രമേ ഗ്രാമങ്ങളിലുള്ളൂവെന്നതും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനജീവിതത്തെ തെല്ലും പരിഗണിക്കാതെയുള്ള തീരുമാനമായിരുന്നു നോട്ട് നിരോധനം.

കള്ളനോട്ട്, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിയന്ത്രിക്കാനാണ് നോട്ടുകള്‍ നിരോധിച്ചത് എന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ തിരിച്ചെത്തിയ 15.31 ലക്ഷം കോടി രൂപയില്‍ 43 കോടി മാത്രമായിരുന്നു കള്ളനോട്ടുകളെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദവും ചെറുക്കാനായില്ല. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നത് തടയാന്‍ പ്രത്യേക ഏജന്‍സിയുണ്ടാക്കുമെന്നാണ് ഈയിടെ ആഭ്യന്തരമന്ത്രി പറഞ്ഞത്. കള്ളനോട്ടാണ് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കാന്‍ ഉപയോഗിക്കുന്നത് എന്നതിന് തെളിവുമില്ലെന്ന് ചിദംബരം പറഞ്ഞു. അടുത്തയാഴ്ച വാദം തുടരും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...