വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് ടവറിൽ കുരുങ്ങിപ്പോയ യുവാവിനേയും യുവതിയേയും രക്ഷപെടുത്തി. ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് രക്ഷപെടുത്തിയത് . ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂര്‍ സ്വദേശിയായ പാര്‍വതിയെന്ന യുവതിയും ഇന്‍സ്ട്രക്ടറുമാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഇവർ താഴെ നെറ്റിലേക്ക് സുരക്ഷിതമായി എടുത്തു ചാടി. കടലിലേക്ക് കാറ്റിൽ അകപ്പെട്ടു പോകുന്നതിന് ഇടയിലാണ് ലൈറ്റ് ടവറിൽ കുരുങ്ങിയത്. കടലിൽ പതിച്ചാൽ കൂടുതൽ ദുരന്തത്തിലേക്ക് പോകുമായിരുന്നു.
സുരക്ഷാ കാര്യത്തില്‍ പാരാഗ്ലൈഡിംഗ് വിനോദം സംഘടിപ്പിച്ച സ്വകാര്യ ഏജന്‍സിക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നടക്കം പരിശോധിച്ചുവരികയാണ്. വര്‍ക്കല പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



