ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന് അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ പോരടിക്കുമ്പോഴും ഇത് പരമ്പരാഗത ടീമുകളുടെ കളിയാണ്. ഇവരിൽ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാവില്ല.
ഫൈനലില്‍ ജയം ഇവരിൽ ആര്‍ക്കൊപ്പമായാലും സ്വന്തമാക്കുന്നത് മൂന്നാം ലോകകിരീടമാവും. ലോകകപ്പ് കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് ഇതുവെ പോയിട്ടില്ല എന്നതും പ്രത്യേകതയാണ്.
യുറുഗ്വായ്, ഇറ്റലി, ജര്‍മനി, ബ്രസീല്‍, ഇംഗ്ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ എട്ട് ടീമുകളാണ് ഇതുവരെ ലോകകപ്പ് നേടിയത്.
അവസാനമായി ഒരു ടീം ആദ്യമായി ലോകകപ്പ് നേടിയത് 2010ല്‍ ആയിരുന്നു. സ്‌പെയിന്‍ ലോകചാമ്പ്യന്‍മാരായപ്പോഴാണ് ഇത്. അവരുടെ ആദ്യത്തെ കിരീടമായിരുന്നു.
ഇത്തവണ സെമി ഫൈനലില്‍ എത്തിയ നാല് ടീമുകളില്‍ ക്രൊയേഷ്യയും മൊറോക്കയും ലോകകപ്പ് നേടാത്തവരാണ്. രണ്ട് ടീമുകളും സെമി ഫൈനലില്‍ തോറ്റ് പുറത്തായി. ഇതോടെയാണ് ഇത്തവണയും പുതിയ ജേതാക്കളുണ്ടാകില്ലെന്ന് ഉറപ്പായത്.
ബ്രസീല്‍ അഞ്ച് തവണ കപ്പ് നേടിയപ്പോള്‍ നാല് കിരീടങ്ങളുമായി ഇറ്റലിയും ജര്‍മനിയുമാണ് രണ്ടാം സ്ഥാനത്ത്. യുറുഗ്വായ്, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവര്‍ രണ്ട് തവണ കപ്പുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണയും കപ്പടിച്ചു.
അതോടൊപ്പം തന്നെ ലോകകപ്പിന്റെ കളിയുടെ 22 പതിപ്പുകള്‍ പിന്നിടുമ്പോഴും കിരീടം യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തേക്ക് പോകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഫൈനലില്‍ പോലും ഈ രണ്ട് മേഖലയില്‍ നിന്നുള്ള ടീമുകളല്ലാതെ ഏറ്റുമുട്ടിയിട്ടുമില്ല.


