വ്യാജസ്വർണം പണയം വെക്കൽ, ഗൂഢാലോചന, കവർച്ച, ആക്രമിച്ച് പരിക്കേൽപ്പിക്കൽ, വധഭീഷണി എന്നിങ്ങനെ വിവിധ കുറ്റ കൃത്യങ്ങളിൽ പൊലീസ് ലിസ്റ്റിലുള്ള പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
വാടകയ്ക്ക് താമസിച്ചിരുന്ന ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടിൽനിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം, പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ എന്നാണ് ഇവരുടെ യഥാർഥ പേര്. നൂറുകണക്കിന് തട്ടിപ്പുകേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കി. താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിച്ചാണ് പ്രവർത്തനം.
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.
കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം മുളവുകാട്, ചെങ്ങമനാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശ്ശൂർ പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽമാത്രം എട്ട് പോലീസ് സ്റ്റേഷനുകളിലായി 32 കേസുകളാണ് ഇവരുടെ പേരിലുള്ളത്.
പേര് പൂമ്പാറ്റ ഇരകൾക്ക് കാട്ടു കടന്നൽ
വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നും പറഞ്ഞാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നു. ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കും. അതിനു ശേഷം പല കള്ളക്കഥകളും പറഞ്ഞു ഇരകളെ വിശ്വസിപ്പിക്കും. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോൾ പറയുക. മറ്റു ചിലപ്പോൾ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തും.
താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങൾ. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് പലതവണ റിമാന്‍ഡിലായി. പക്ഷേ, ഇത്രയും തട്ടിപ്പുകേസുകൾ നടത്തിയിട്ടും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയ കേസ്, എറണാകുളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും ബാങ്കിൽ നിന്ന് പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങിയ കേസ് എന്നിവയാണ് എറണാകുളത്തെ പ്രമാദമായ കേസുകള്‍.

ഞെട്ടിക്കുന്ന ജീവിത ശൈലി
2012ൽ കാസർഗോഡ് നിന്നുള്ള ട്രെയിൻയാത്രക്കിടെ പരിചയപ്പെട്ട തൃശ്ശൂരിലെ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 11 പവൻ സ്വർണം തട്ടിയെടുത്തതാണ് ആദ്യ കേസ്. പിന്നാലെ പുതുക്കാട് കിണറിൽ നിന്ന് സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം തട്ടി.
2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും തട്ടിയത് 74 ലക്ഷമാണ്. മറ്റൊരു പുതുക്കാടു കാരനില്‍ നിന്ന് ഇതേ കാര്യം പറഞ്ഞ് തട്ടിയത് 72 ലക്ഷം. 2017ൽ വൻ ആർഭാടത്തോടെ മകളുടെ വിവാഹം നടത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയത് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളായിരുന്നു.
കാപ്പ നിയമപ്രകാരം വനിത അറസ്റ്റിലാകുന്നത് അപൂർവമാണെന്നു പൊലീസ് പറഞ്ഞു. അരൂർ സ്റ്റേഷനിൽ 2008 ൽ റജിസ്റ്റർ ചെയ്ത കേസിലാണു സിനിയുടെ തട്ടിപ്പുകളുടെ ഭീകരത ആദ്യമായി പുറത്തുവരുന്നത്. ഒരു വ്യാപാരിയെ സൗഹൃദത്തിൽ കുടുക്കി നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടിയിരുന്നു. 10 ലക്ഷം രൂപ കൂടി വീണ്ടും ആവശ്യപ്പെട്ടതോടെ വ്യാപാരി ജീവനൊടുക്കി. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ സിനി കുടുങ്ങി. പക്ഷെ കേസിനൊപ്പം പ്രവർത്തനം തുടർന്നു.
ഫോർട്ട് കൊച്ചി എസിപിയുടെ ഭാര്യയാണെന്നു വിശ്വസിപ്പിച്ചു വ്യാപാരിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതിനും പിടിയിലായി. കൊടകരയിൽ യാത്രക്കാരനെ ബൈക്കിടിച്ചു വീഴ്ത്തി 3 ലക്ഷം കവർന്നതിനും ഒല്ലൂരിൽ വീട്ടമ്മയെ കല്ലുകൊണ്ടിടിച്ചു കൊല്ലാൻ നോക്കിയതിനും അറസ്റ്റിലായി.പല ബാങ്കുകളിലായി 31 ലക്ഷം രൂപ മുക്കുപണ്ടം പണയം വച്ചു തട്ടിയിട്ടുണ്ട്. ആകെ തട്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കോടികൾ വരുമെന്നാണു പൊലീസ് നിഗമനം. തൈക്കാട്ടുശേരിയിലെ വാടക വീട്ടിൽ നിന്നാണ് ഒല്ലൂർ എസ്എച്ച്ഒ ഡെന്നി ജേക്കബും സംഘവും ഇവരെ പിടികൂടിയത്.


