ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐയുടെ സമന്‍സ്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ സാക്ഷി എന്ന നിലയിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രില്‍ 28-ന് അക്ബര്‍ റോഡിലെ സിബിഐ ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പുൽവാമ ആക്രമണത്തിലെ വീഴ്ച തുറന്നു പറഞ്ഞു
2019-ലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അടുത്തിടെ മാലിക് നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിക്കാനിടയായ പുല്‍വാമ ആക്രമണത്തിന് വഴിതെളിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ദി വയര്‍ ന്യൂസ് വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. സിആര്‍പിഎഫ് ജവാന്മാര്ക്ക് സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടുവെങ്കിലും ആവശ്യം നിഷേധിച്ചു. അവര്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടിവന്നു. ഇതിനു തുടർച്ചയായാണ് ആക്രമണം ഉണ്ടാവുന്നത്. മാത്രമല്ല സുരക്ഷാ പ്രശ്നമുള്ള സ്ഥലത്താണ് സേനാ നീക്കം നടത്തിയത് എന്നും വെളിപ്പെടുത്തി. ഈ പരാമര്‍ശമാണ് വിവാദമായത്.
കേസിൽ പ്രതിയല്ല വാദിയായിട്ടും പുൽവാമ
ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ 2018-ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായുള്ള ഒരു കരാര്‍ മാലിക് റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു കരാര്‍. പദ്ധതിയില്‍ അഴിമതിയുണ്ടെന്നായിരുന്നു സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട്. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ട്രിനിറ്റി റീഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എന്നിവയുടെ പേരുകള്‍ എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നു.
പദ്ധതിയില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്. കശ്മീരിലെ 3.5 ലക്ഷം ജീവനക്കാരെ ബാധിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് 2018 സെപ്റ്റംബറില്‍ തുടക്കമായെങ്കിലും ഒരു മാസത്തിനകം സത്യപാല്‍ മാലിക് അത് റദ്ദാക്കി.
തട്ടിപ്പ് പദ്ധതി ആയതിനാല്‍ കരാര്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്ന് മാലിക് വിശദീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശദാംശങ്ങള്‍ താന്‍ നേരിട്ട് പരിശോധിച്ചെന്നും അതിനുശേഷമാണ് കരാര്‍ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സിബിഐ അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.


