അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിലെ ഇഷ്ട സാന്നിധ്യമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു.
ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നു. മരണത്തെ കുറിച്ചുള്ള ഉദ്ധരണികളും ഷെയർ ചെയ്തിരുന്നു.
അംഗീകാരങ്ങൾ
വ്യത്യസ്തമായ അഭിനയ ശൈലിയും അവതരണവും കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ നടനായിരുന്നു.
2014 ല്‍ തന്റെ നൂറാമത്തെ ചിത്രത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്കാരം തേടി എത്തിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്ന ചിത്രത്തിലെ അഭിനയമികവാണ് പരിഗണിക്കപ്പെട്ടത്.
തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്നചിത്രത്തിലെ ഔസേപ്പച്ചനെന്ന കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന് സ്വന്തമാക്കിയത്.
ശരീരഘടനയിലും നടത്തത്തിലും ഉച്ചാരണത്തിലുമെല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന എഴുപത്തഞ്ചുകാരനാണ് പ്രതാപ് പോത്തന് ഈ സിനിമയില്‍ വേഷമിട്ടത്.
സംവിധായകന് കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാടാണ് എന്നെ ചിത്രത്തിലേക്കടുപ്പിച്ചതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
മോഷണ ഉദ്ദേശ്യവുമായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന് തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുന്നു. വലിയ വീട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞുവന്ന ഔസേപ്പച്ചന് തനിക്ക് മിണ്ടാനുംപറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന് കള്ളനുമായി കൂട്ടാകുന്നു. ഇവരുടെ സൗഹൃദവും തുടര്‍ പ്രവൃത്തികളിലൂടെയുമാണ് ചിത്രം കരുപ്പിടിക്കുന്നത്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് – പ്രത്യേക ജൂറി അവാര്‍ഡ് (2014), മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് (തകര -1979, ചാമരം-1980),ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് – മീണ്ടും ഒരു കാതല്‍ കഥൈ (1985),ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് – 22 ഫീമെയില്‍ കോട്ടയം (2012) എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കലാ ജീവിതവും കുടുംബവും
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന് തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഴിയാത കോലങ്ങള്‍, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകള്‍ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. സിനിമയ്ക്ക് പുറമെ പരസ്യകലാരംഗത്തും സജീവമായിരുന്നു പ്രതാപ് പോത്തൻ. ഗ്രീൻ ആപ്പിൾ എന്ന പേരിലുള്ള സ്വന്തം പരസ്യ ഏജൻസിയുമായി ബന്ധപ്പെട്ട് സജീവമായിരുന്നു
1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.
1952ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. നിര്‍മാതാവ് ഹരിപോത്തന് മൂത്ത സഹോദരന് ആണ്. ഊട്ടിയിലെ ലോറന്‍സ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു.


