കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് (16307) കോച്ചിന് തീ കൊളുത്തിയ കേസിൽ പ്രതിയെ കുറിച്ചുള്ള പോലീസ് വിശദീകരണം തള്ളി ഇടത്പക്ഷ എംഎല്‍എ കെ.ടി.ജലീല്‍. കേരളം കത്തിക്കാൻ ആരോ ശ്രമിക്കയാണെന്നാണ് ഫേസ് ബുക്ക് പോസ്റ്റിൽ സംശയം ഉന്നയിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റുകളുടെ പശ്ചാത്തലത്തിൽ കെ ടി ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു.
കേസില്‍ പ്രതി ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗര്‍ ഭിക്ഷാടകനാണെന്നും ഭിക്ഷാടനത്തില്‍ പണം കിട്ടാതെ വന്നപ്പോഴുള്ള നിരാശയും മാനസികസംഘര്‍ഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നുമായിരുന്നു ഉത്തരമേഖല ഐ.ജി. നീരജ്കുമാര്‍ ഗുപ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചത്. ഇത് പൊതുവെ നിശ്ശബ്ദമായി സ്വീകരിക്കപ്പെട്ടു.
ഇതിനെതിരെ മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും മുൻ നിർത്തിയാണ് കെ ടി ജലീലിൻ്റെ ചോദ്യം.
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും.
‘കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന് ജിത്തിനെയും മുന്നില്‍ നിര്‍ത്തി ‘ആരെങ്കിലും’ ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?..കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും’ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
എന്നെ നാടു കടത്താന്‍ പറഞ്ഞ ശൂരനെവിടെ?
കണ്ണൂരില്‍ ട്രൈന്‍ കത്തിച്ച കല്‍ക്കത്തക്കാരനായ പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ ‘തീപ്പെട്ടിക്കൊള്ളി’ കൊണ്ട് ട്രൈന്‍ കത്തിച്ച ‘മാന്ത്രികനും’ തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല ‘മാനസിക രോഗികള്‍’ ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയില്‍ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നത്?
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്.
കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന് ജിത്തിനെയും മുന്നില്‍ നിര്‍ത്തി ‘ആരെങ്കിലും’ ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ”മനോരോഗമില്ലാത്ത’ സൈഫിമാരും ‘മനോരോഗികളായ’ പുഷന്‍ജിത്തുമാരും തീവണ്ടിക്ക് തീ വെക്കാന്‍ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ‘ഉള്ളികള്‍ക്ക്’ തെളിയണമെങ്കില്‍ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ.
എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും!
കെ ടി ജലീൽ നേരത്തെ ഇതു സംബന്ധിച്ച് ഇട്ട പോസ്റ്റിന് തുടർച്ചയായാണ് പൊലീസ് നിഗമനത്തെ തള്ളി കളയുന്നത്
ജൂൺ ഒന്നിലെ പോസ്റ്റ്
ഫാസിസ്റ്റുകളുടെ ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണമാണ്. തൃശൂര്‍ ഇങ്ങെടുക്കാനും കണ്ണൂര്‍ സ്വന്തമാക്കാനും ഹിന്ദു-മുസ്ലിം അകല്‍ച്ച ഉണ്ടാക്കലല്ലാതെ രക്ഷയില്ലെന്ന് ‘അവര്‍’മനസിലാക്കിക്കഴിഞ്ഞു.
ആദ്യശ്രമം കോഴിക്കോട്ടെ എലത്തൂരില്‍ പരാജയപ്പെട്ടപ്പോള്‍ നടത്തിയ രണ്ടാം ശ്രമമാണോ കണ്ണൂരിലേത്? ഇടതുപക്ഷത്തെ തകര്‍ക്കാന്‍ എന്തും ചെയ്യും സംഘപരിവാരങ്ങള്‍. കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കം കരുതിയിരിക്കുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച ശോഭയാത്രക്കു നേരെ പ്രയോഗിക്കാനിരുന്ന സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടിയിരുന്നു. അന്നത്തെ മലപ്പുറം എസ്.പി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. ‘മലപ്പുറത്തെ ദൈവം രക്ഷിച്ചു’.
ഷഹീന്‍ബാഗില്‍ കെട്ടിത്തിരിയാതെ മാധ്യമങ്ങള്‍ ഗോധ്ര തീവണ്ടി ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും ഈ സമയത്ത് പുറത്ത് വിടുകയല്ലേ ചെയ്യേണ്ടത്?
രാജസ്ഥാനിലെ ജയ്പൂരി ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സ്ഫോടനത്തില്‍ 71 പേരാണ് കൊല്ലപ്പെട്ടത്.
നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്ലിം ചെറുപ്പക്കാര്‍ക്ക് കീഴ്ക്കോടതി നല്കിയ വധശിക്ഷ രാജസ്ഥാന് ഹൈക്കോടതി റദ്ദാക്കി. പ്രതികളെന്ന് പൊലീസ് പറഞ്ഞവരെ വെറുതെവിട്ടു.
ഹൈക്കോടതി വിധിന്യായത്തില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ കളമൊരുക്കിയ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ട പോലീസ് മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് രാജസ്ഥാന് ചീഫ് സെക്രട്ടറിക്ക് ശക്തമായ നിര്‍ദ്ദേശവും നല്കി.
കണ്ണൂര്‍ ട്രെയ്ന്‍ കത്തിക്കലിന്റെ പശ്ചാത്തലത്തില്‍ ഇതൊക്കെ ‘മാധ്യമ ഠാക്കൂര്‍ സേന’യുടെ മനസില്‍ ഉണ്ടാകുന്നത് നന്നാകും. സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്കി കേരളത്തെ ഗുജറാത്തോ യു.പിയോ ആക്കരുത്.
ജലീലിനെ നാടുകടത്താനുള്ള സമയം അതിക്രമിച്ചു- പ്രതികരണവുമായി കെ സുരേന്ദ്രൻ
കണ്ണൂരിലെ ട്രെയിൻ തീവയ്പ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതെന്ന മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ പരാമർശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രാജ്യദ്രോഹ പരാമർശമാണ് ജലീൽ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇപ്പോഴും പഴയ സിമി പ്രേതം ജലീലിനെ വിട്ടുമാറിയിട്ടില്ല. ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.


