പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന് ഹിംസാ ഭാവം; പ്രതിഷേധങ്ങളും പരിഹാസവും നിറച്ച് നേതാക്കൾ

പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന് മുകളില്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ ഹിംസാ ഭാവത്തെ കുറിച്ച് വിവാദം. വെങ്കലത്തില്‍ തീര്‍ത്ത അശോകസ്തംഭത്തെ രൌദ്ര ഭാവത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ബുദ്ധത്വത്തിലേക്ക് ഉയർന്ന അശോക ചക്രവർത്തിയുടെ കാലത്താണ് ദേശീയ ചിഹ്നമായി മാറിയ ഈ സ്തംഭം സ്ഥാപിച്ചത്. ബുദ്ധത്വത്തെ വിളംബരം ചെയ്യുന്ന സ്തംഭമാണ് ഹിംസാഭാവത്തിൽ പണിതീർത്തിരിക്കുന്നത്.

ഇതോടൊപ്പം ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന വിമർശനവും ഉയർന്നു. ഇത് നിയമ ലംഘനമാണെന്നും ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് രൂക്ഷമായ വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്.

നരഭോജികളുടെ ഭാവം – ആർ ജെ ഡി

യഥാര്‍ത്ഥ ദേശീയ ചിഹ്നത്തിലെ സിംഹങ്ങള്‍ക്ക് സൗമ്യഭാവമാണ് ഉള്ളത്. എന്നാല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. ഓരോ ചിഹ്നവും ഒരോ മനുഷ്യന്റെ ചിന്തയെ കാണിക്കുന്നു, ചിഹ്നങ്ങള്‍ മനുഷ്യന്റെ യഥാര്‍ത്ഥ സ്വഭാവം അറിയിക്കുന്നുവെന്നും ആര്‍ജെഡി ട്വിറ്റീല്‍ പരിഹസിക്കുന്നു.

ഗാന്ധിജിയും ഗോഡ്സെയും തമ്മിലെ വ്യത്യാസം – പ്രശാന്ത് ഭൂഷൺ

പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്‌സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.

‘ഗാന്ധി മുതല്‍ ഗോഡ്‌സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

ദേശീയ ചിഹ്നം മാറ്റുന്നവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കണോ വേണ്ടയോ എന്ന് 130 കോടി ഇന്ത്യക്കാരോട് തനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

ഭരണഘടനാ വിരുദ്ധ നടപടി – സിപിഎം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്.

എക്സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി. നിയമങ്ങള്‍ നിര്‍മ്മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്.

മാത്രമല്ല ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു. എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്.

ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയര്‍ത്തിപിടിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

നിർമ്മാണത്തിലെ ഭാവം മോഡിയുടേതെന്ന് ജാവർ സിർക്കാർ

പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്ത അശോക ചിഹ്നം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു. യഥാര്‍ഥ ദേശീയ ചിഹ്നത്തില്‍ സിംഹങ്ങള്‍ക്കുള്ള ഭാവമല്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ നിര്‍മിച്ചിരിക്കുന്നതിന് എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. ശില്‍പം ഉടന്‍ തന്നെ മാറ്റണമെന്നാണ് ആവശ്യം. ശരിക്കുള്ള ദേശീയ ചിഹ്നത്തില്‍ സിംഹങ്ങളുടെ ഭാവം ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമാണെന്നും പാര്‍ലിമെന്റില്‍ സ്ഥാപിച്ചിരിക്കുന്നവയില്‍ ആക്രോശത്തിന്റെ ഭാവമാണെന്നുമാണ് തൃണമൂല്‍ നേതാവ് ജാവര്‍ സിര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പാര്‍ലമെന്റില്‍ നിര്‍മിച്ചിരിക്കുന്നത് മോദിയുടെ വശമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രയും ഇതേ അഭിപ്രായം ട്വിറ്ററില്‍ കുറിച്ചു.

രൂപം നൽകിയത് ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച്

ആറര മീറ്റര്‍ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിര്‍മിച്ചിട്ടുണ്ട്.

ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. 6.5 മീറ്റർ ഉയത്തിലാണ് ഇതിൻ്റെ നിർമ്മാണം. അനാച്ഛാദന ചടങ്ങിനിടെയാണ് പൂജാ കര്‍മങ്ങളിലും പ്രധാന മന്ത്രി പങ്കെടുത്തത്.

അത്രയും കലാത്മകവും തത്വചിന്താപരവുമായ നിർമ്മിതിയെ രാജ്യത്തെ പാർലമെൻ്റിന് മുന്നിൽ തന്നെ തെറ്റായ ഭാവത്തിൽ അവതരിപ്പിച്ചത് സോഷ്യൽ മീഡിയും ഏറ്റെടുത്തിരിക്കയാണ്.

1,250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ പ്രധാന ആകര്‍ഷണമായ പാര്‍ലിമെന്റ് മന്ദിരം, ടാറ്റ പ്രോജക്ട്സാണ് നിര്‍മിക്കുന്നത്. ശൃംഗേരി മഠത്തിലെ പൂജാരിമാരായിരുന്നു തറക്കല്ലിടലിനു മുമ്പ് ഭൂമിപൂജ നടത്തിയത്.

പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. നിശ്ചയ ദാർഡ്യത്തോടെ മോഡി സർക്കാർ മുന്നോട്ട് പോയി. സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രവൃത്തി തുടങ്ങിയത്. 20,000 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി ഉപേക്ഷിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...