പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുൽ ഗാന്ധി വയനാട് വെച്ച് ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി കേരള സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനി വാങ്ങിക്കുന്നത് എങ്ങനെയാണ്. അദാനി – മോദി ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമാണ്. ആരേയും തേജോവധം ചെയ്തിട്ടില്ല. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്. മറുപടി പറയുന്നതിന് പകരം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രേഖകളില്‍ നിന്നും നീക്കം ചെയ്താലും സത്യം പുറത്തുവരും. പാര്‍ലമെന്റില്‍ സത്യസന്ധമല്ലാത്ത കാര്യങ്ങളോ, ആരെയെങ്കിലും വ്യക്തിഹത്യ നടത്തുകയോ ചെയ്താലാണ് സാധാരണ രേഖകളില്‍ നിന്നും നീക്കം ചെയ്യാറുള്ളത്. എന്നാല്‍ വളരെ ബഹുമാനത്തോടെ താന്‍ പറയുന്ന കാര്യങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയാണെന്ന് രാഹുൽ വ്യക്തമാക്കി.
വയനാട് മീനങ്ങാടിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനവും കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്തുകൊണ്ട് തന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല, പകരം രാഹുൽ ഗാന്ധി എന്നായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ അച്ഛന്റെ കുടുംബപ്പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന കാര്യം മോദിക്ക് അറിയാത്തതല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്രയിലെവിടെയും സന്തോഷമുള്ള കര്‍ഷകനെ കണ്ടില്ല. വിത്തിനെ കുറിച്ചും, പ്രധാനമന്ത്രിയുടെ ഇന്ഷൂറന്സിനെ കുറിച്ചും, വിപണികളില്ലാത്തതിനെ കുറിച്ചുമെല്ലാം അവര്‍ പരാതിപ്പെട്ടു. വന്‍കിടക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുന്ന സര്‍ക്കാര്‍ കൃഷിക്കാരുടെ വായ്പകള്‍ എന്തുകൊണ്ട് എഴുതിത്തള്ളുന്നില്ലെന്ന് അവര്‍ ചോദിച്ചുവെന്ന് രാഹുൽ പറഞ്ഞു.
പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ മോദിയുടെയും തന്റെയും ശരീരഭാഷ ശ്രദ്ധിച്ചാല്‍ എവിടെയാണ് സത്യമുള്ളതെന്ന് മനസിലാക്കാം. പ്രസംഗത്തിനിടെ എത്രതവണ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് നോക്കിയാല്‍ മതിയെന്നും രാഹുല്‍ പരിഹസിച്ചു. എല്ലാവിധ ആയുധങ്ങളും കൈയ്യിലുണ്ടെങ്കിലും സത്യം മോദിക്കൊപ്പമില്ല. മോദി വിചാരിച്ചിരിക്കുന്നത് എല്ലാവര്ക്കും അദ്ദേഹത്തെ ഭയമാണെന്നാണ്.
രാജ്യത്തെ 20 ശതമാനം വിമാനത്താവളങ്ങളുടേയും മുഖ്യപങ്കാളിത്തം അദാനി വഹിക്കാനുണ്ടായ കാരണം മോദിയുമായുള്ള അടുത്ത ബന്ധം തന്നെയാണ്. വിമാനത്താവള നടത്തിപ്പുമായി പരിചയമില്ലാത്തവരെ പരിഗണിക്കരുതെന്ന നിബന്ധന അദാനിക്ക് വേണ്ടി രാജ്യത്ത് ഭേഗഗതി ചെയ്തു.
നീതി ആയോഗ് അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അദാനിക്കായി ഇളവുകള്‍ നല്കി. ശ്രീലങ്കയിലെ പ്രധാനപ്പെട്ട ഒരു വ്യവസായ കരാര്‍ അദാനിക്ക് നല്കാന് മോദി ശുപാര്‍ശ ചെയ്തതായി അവിടുത്തെ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്. മോദി ബംഗ്ലാദേശില്‍ സന്ദര്‍ശനം നടത്തിയയുടന്‍ തന്നെ അവിടെയും ഒരു കരാറൊപ്പിട്ടു. ആസ്ട്രേലിയയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയും വന്‍കിട കരാറാണ് ആ രാജ്യവുമായി അദാനി ഉണ്ടാക്കിയത്. മുംബൈ വിമാനത്താവളത്തിന്റെ കാര്യം പരിശോധിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഭീഷണിപ്പെടുത്തിയാണ് അദാനി ഏറ്റെടുത്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


