പ്രധാനമന്ത്രിയുടെ തറവാടിന് തീയിട്ടു, ശ്രീലങ്കയിൽ പ്രതിഷേധം കത്തുന്നു

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് തീവെച്ചു. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു എങ്കിലും ഇതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയുമാണ്.

രാജപക്‌സെയുടെ കുരുനഗലയിലെ തറവാട് വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇതിനു തുടർച്ചയായി പ്രക്ഷോഭകർ ക്ഷുഭിതരായി.

തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം രക്ഷപെടാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

വിവിധ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കര്‍ഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണല്‍ ഹോസ്പിറ്റല്‍ വക്താവ് പുഷ്പ സോയ്സ അറിയിച്ചു.

കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ശ്രീലങ്കയില്‍. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. പമ്പുകള്‍ക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ പട്ടാളത്തെ ഇറക്കുകയും ചെയ്തു. തമിഴ് പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുന്നേറ്റത്തിന് ശ്രമിക്കയായിരുന്നു രാജ്യം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...