രണ്ടു തവണ വീതം ലോകകപ്പ് സ്വന്തമാക്കിയ, ഏറ്റവും അധികം ആരാധകർക്ക് നെഞ്ചിടിപ്പേകുന്ന ടീംസ് ഇന്ന് കളിക്കളത്തിൽ എത്തുകയാണ്. നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സും അര്‍ജന്റീനയും വ്യത്യസ്ത മത്സരങ്ങളിലാണ് ഇറങ്ങുന്നത്. വൈകീട്ട് മൂന്നരയ്ക്ക് അര്‍ജന്റീന സൗദി അറേബ്യയെയും രാത്രി പന്ത്രണ്ടരയ്ക്ക് ഫ്രാന്‍സ് ഓസ്ട്രേലിയയെയും നേരിടും.
ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന ജയത്തോടെ തുടങ്ങുക തന്നെയാവും എന്നുറപ്പിച്ചാണ് ആരാധക ലോകം. നിലവിലെ ചാമ്പ്യന്‍ ഒന്നാം റൗണ്ടില്‍ പുറത്താവുകയെന്ന ദുര്യോഗം തുടരുമോ എന്നത് കണ്ടറിയണം. ഇല്ലെന്നുറപ്പിച്ച് ഇറങ്ങുമ്പോഴും ഫ്രാൻസിനെ പരിക്കുകൾ വലയ്ക്കുന്നുണ്ട്. പിന്നെ ആതിഥേയർ ചരത്രം തിരുത്തിയാണ് ഇത്തവണ പരാജയം ഏറ്റുവാങ്ങിയത്.
ആത്മവിശ്വാസമോ നെഞ്ചിടിപ്പോ ? മെസ്സി പറയുന്നത്…..
‘ഇതൊരു വളരെ പ്രധാനപ്പെട്ട നിമിഷമാണെന്ന് എനിക്കറിയാം, നിശ്ചയമായും എന്റെ അവസാനത്തെ ലോകകപ്പ്. നമെല്ലാം ആഗ്രഹിക്കുന്ന, ഞാന്‍ കാണുന്ന സ്വപ്നം പൂര്‍ത്തീകരിക്കാനുള്ള എന്റെ അവസാനത്തെ അവസരം. കരിയറിലുടനീളം ചെയ്തതുപോലെ ഈ ടൂര്‍ണമെന്റിന് വേണ്ടിയും ചെയ്യാവുന്നത് ചെയ്തിട്ടുണ്ട്. എന്നാല്‍, അതിലുപരിയായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല’, മെസ്സി പറഞ്ഞു.
കോപ്പ അമേരിക്ക് കിരീടം നേടിയ ടീമിന് ലോകകപ്പിന്റെ സമ്മര്‍ദങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ സ്ക്വാഡില്‍ വിശ്വാസമുണ്ട്. നിലവിലെ അര്‍ജന്റീന ടീം 2014 ലോകകപ്പിന്റെ ഫൈനലിലെത്തിയ ടീമിനെ ഓര്‍മിപ്പിക്കുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ഐക്യമുണ്ടായിരുന്നു. എങ്ങനെ കളിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. നിലവിലെ ടീമിന്റെ മികച്ച് ഫോം നല്കുന്ന ആത്മവിശ്വാസം വലുതാണ്’, മെസ്സി പറഞ്ഞു
കളിക്കളത്തിൽ ഇറങ്ങും മുൻപേ മുറിവേറ്റ ചാമ്പ്യൻ
എൻഗോളോ കാന്റെ, പോൾ പോഗ്ബ, ക്രിസ്റ്റഫർ എൻകുൻകു. ഒടുവിൽ കരിം ബെൻസേമ. ടീമിലെ സൂപ്പർ താരങ്ങൾ പരുക്കേറ്റ് പുറത്താണെങ്കിലും ടൂർണമെന്റിലെ തന്നെ ശക്തമായ നിര തന്നെയാണ് ഫ്രാൻസിനുള്ളത്. ഓരോ പൊസിഷനിലും മികച്ച താരങ്ങളും അവർക്കു പകരക്കാരും ടീമിനുണ്ട്.
2018 ലോകകപ്പിനു ശേഷം ഫ്രാൻസ് നേടിയ 73 ഗോളിൽ 46 എണ്ണം രണ്ടാം പകുതിയിലാണ്. എതിർ ടീമിന്റെ ഗോൾകീപ്പറെ അടക്കം പൂട്ടുന്ന ഹൈപ്രസിങ് ശൈലി തന്നെ ആയിരിക്കും ഓസ്ട്രേലിയയ്ക്കെതിരെയും ഫ്രാൻസ് ഇറക്കുക. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നിലുള്ള ഓസ്ട്രേലിയ തോൽക്കുന്നതിനുള്ള പ്രധാന കാരണം പ്രതിരോധത്തിലെ പിഴവ് തന്നെ. അതിനാൽ പ്രതിരോധത്തിൽ നാലു പേരുണ്ടാകുമെന്ന് ഉറപ്പ്.


