കപ്പിലെ കാപ്പി ആരും കാണാതെ പോകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കപ്പിലെ കാപ്പിയാണ് യാഥാർത്ഥത്തിൽ ആര്‍എസ്എസ്. എന്നാൽ മുകളിലുള്ള പത മാത്രമാണ് ബിജെപി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലൂടെയുള്ള തന്റെ 3500 കിലോമീറ്റര്‍ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ.
ബിജെപിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച രാഷ്ട്രീയ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ 2014-ല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണ്. അടുത്തിടെ കോണ്‍ഗ്രസ്സിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം പരാജയപ്പെട്ടിരുന്നു.
കോൺഗ്രസിനെ പുകഴ്ത്തി യാത്ര തുടങ്ങി
ഗോഡ്സെയുടെ ആശയത്തെ പരാജയപ്പെടുത്താന്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് മാര്‍ഗമെന്ന് തിരിച്ചറിയാന്‍ താന്‍ ഏറെ വൈകിയെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെയും ജഗന് മോഹന്‍ റെഡിയുടെയും മോഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് പകരം ആ വഴിക്ക് പ്രവര്‍ത്തിക്കേണ്ടതായിരുന്നു എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കാതെ ആ പാർട്ടിയെ പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ കപ്പിലെ കാപ്പി കണ്ടിട്ടില്ലേ? മുകളില്‍ പതയായിരിക്കും ഉണ്ടാകുക. അതുപോലെയാണ് ബിജെപി. അതിനടിയില്‍ ആഴത്തിലാണ് ആര്‍എസ്എസ് ഉള്ളത്. സാമൂഹ്യഘടനയുടെ ആഴങ്ങളിലേക്ക് ആർഎസ്എസ് എത്തിയിട്ടുണ്ട്. കുറുക്കുവഴികളിലൂടെ അതിനെ പരാജയപ്പെടുത്താനാകില്ല’, പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസ് അകന്നത് എന്തിന്
പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ വിജയം കണ്ടിരുന്നില്ല. അതിനിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന്റെ മുന്‍ പങ്കാളിയുമായി കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. മമതയ്ക്കായി പ്രശാന്ത് കിഷോര്‍ നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വവുമായി വിള്ളലുകള്‍ക്കിടയാക്കിയത്


