പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം. പേരും മതവും ചോദിച്ചറിഞ്ഞ് ക്രൂരമായ ആക്രമണം നടത്തിയ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമാണ് പെൺസുഹൃത്തുക്കൾക്കൊപ്പം സോമേശ്വര ബീച്ചിലെത്തിയ കുട്ടികൾ ആക്രമിക്കപ്പെട്ടത്. മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന സംഘം കടൽത്തീരത്ത് വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. ഇതു നിരീക്ഷിച്ച ഒരു സംഘം മൂന്ന് ആൺകുട്ടികളെയും ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ വാക്കുതർക്കമായി. ആൺകുട്ടികൾ മൂന്ന് പേരും പെൺകുട്ടികളും വ്യത്യസ്ത മതവിശ്വാസമുള്ള കുടുംബങ്ങളിൽ നിന്നായിരുന്നു.
കുട്ടികള്‍ക്ക് നേരെ ക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്ന് മർദ്ദനമേറ്റ ഒരു ആണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. അക്രമികള്‍ കുട്ടികളെ കല്ല് കൊണ്ട് ഇടിച്ചു, ബെൽറ്റ് ഊരി അടിച്ചു, പെണ്‍കുട്ടികളെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ബോധം നഷ്ടപ്പെടും വരെ യുവാക്കള്‍ കുട്ടികളെ മർദ്ദിച്ചുവെന്നും കണ്ടെത്തി. പരിക്കേറ്റ മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്.
അക്രമി സംഘം ബീച്ചിലെത്തിയ മൂന്ന് ആൺകുട്ടികളെയും പെണ്‍കുട്ടികളേയും ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ആണ്‍കുട്ടികളെയടക്കം സംഘം മർദ്ദിച്ചത്. തുടർന്ന് അക്രമികൾ ബീച്ചിൽ നിന്നും രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.20 ഓടെയായിരുന്നു സംഭവമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.


