രാത്രിയില്‍ പുറത്തിറങ്ങി നടന്ന ദമ്പതിമാര്‍ക്ക് നേരെ പോലീസിൻ്റെ സാദാചാര പിഴ. ബെംഗളൂരു മാന്യത ടെക്പാര്‍ക്കിന് സമീപത്ത് വ്യാഴാഴ്ച അര്‍ധരാത്രി നടന്ന സംഭവം വിവാദമായതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വിശദീകരണം തേടി.
പതിനൊന്ന് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് നിയമമുണ്ടെന്നും അത് ലംഘിച്ചതിനാല്‍ പേടിഎം വഴി പിഴയൊടുക്കണമെന്നുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശം. സുഹൃത്തിന്റെ പിറന്നാള്‍ പ്രമാണിച്ച് നടന്ന കേക്ക് മുറിക്കലിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാര്‍ത്തിക് പത്രിയ്ക്കും ഭാര്യയ്ക്കുമാണ് ദുരനുഭവം ഉണ്ടായത്. പോലീസിന്റെ ശകാരം കേട്ട് പിഴയും നല്കി വീട്ടിലെത്തിയ ശേഷം സംഭവം വിശദീകരിച്ച് കാര്‍ത്തിക് ട്വിറ്ററിലൂടെ സംഭവം വെളിപ്പെടുത്തി. ട്വീറ്റിൽ തന്നെ സിറ്റി പോലീസ് കമ്മിഷണറോട് വിഷയത്തില്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
താമസസ്ഥലത്തെ പ്രവേശനഗേറ്റിലെത്തുന്നതിന് കുറച്ചുദൂരം മാത്രം അവശേഷിക്കുമ്പോള്‍ പോലീസിന്റെ പട്രോള്‍ വാഹനം തങ്ങളുടെ സമീപത്ത് നിര്‍ത്തിയതായും പോലീസ് യൂണിഫോമിലുള്ള രണ്ട് പേര് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായും തികച്ചും സാധാരണമായ ദിവസം റോഡിലൂടെ പോകുന്ന പ്രായപൂര്‍ത്തിയായ ദമ്പതിമാരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ കാരണം അവരോട് തേടുകയും ചെയ്തതായി കാര്‍ത്തിക് പറയുന്നു.
ഫോണിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകള്‍ കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും വ്യക്തിഗതവിവരങ്ങള്‍ ചോദിക്കുകയും ചെയ്തതായി കാര്‍ത്തിക് വ്യക്തമാക്കി. അരോചകമായി തോന്നിയെങ്കിലും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വിനയപൂര്‍വം മറുപടി നല്കി. പിന്നാലെ വാഹനത്തില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങുകയും രസീത് ബുക്ക് പോലെയുള്ള ഒന്നില്‍ തങ്ങളുടെ പേരും ആധാര്‍ നമ്പറും കുറിക്കാനാരംഭിക്കുകയും ചെയ്തു. എന്തിനാണ് രസീത് കുറിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 11 മണിക്ക് ശേഷം റോഡില്‍ ‘കറങ്ങി നടക്കാന്‍’ അനുവാദമില്ലെന്ന് ഒരുദ്യോഗസ്ഥന് പറയുകയും ചെയ്തതായി കാര്‍ത്തിക് ട്വീറ്റ് ചെയ്തു.
3,000 രൂപ പിഴയൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. താണുകേണപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയില്ലെന്നും കൂടുതല്‍ അപേക്ഷിക്കുന്തോറും കൂടുതല്‍ പരുഷമായി പെരുമാറിയതായും അറസ്റ്റ് ചെയ്യുമെന്നും കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായും കാര്‍ത്തിക് വ്യക്തമാക്കി.
‘ഞാനാകെ തളര്‍ന്നു, ഭാര്യ കരയാന്‍ തുടങ്ങി, ഒരു സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നത് ചിലപ്പോള്‍ പിന്നീട് പ്രശ്നമാകുമെന്ന് തോന്നിയിട്ടാവണം അവരൊന്ന് അയഞ്ഞു. എന്നെ കുറച്ചുമാറ്റി നിര്‍ത്തി, ‘ഉപദേശിച്ചു’, കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കുറച്ചു പൈസയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവസാനം 1000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. പേടിഎമ്മിലൂടെ നല്കിയാല് മതിയെന്ന് അവര്‍ പറഞ്ഞു. പേടിഎം ക്യുആര്‍ കോഡ് കാണിച്ച് പൈസ അയക്കാന്‍ പറഞ്ഞു. ഒടുവില്‍ താക്കീത് നല്കി വിട്ടയച്ചു”-കാര്‍ത്തിക് ട്വീറ്റ് ചെയ്തു.
കാര്‍ത്തിക്കിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ ബെംഗളൂരു പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അനൂപ് എ. ഷെട്ടി വിഷയത്തില്‍ ഇടപെട്ടു. സമാനഅനുഭവങ്ങള്‍ ഉള്ളവര്‍ ബന്ധപ്പെടണമെന്ന് പോലീസ് നിര്‍ദേശം നല്കി.


