ദക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡ് ബോക്സ് ഓഫീസിൽ ആധിപത്യം ഉറപ്പിക്കുന്നതായി സംവിധായകൻ രാം ഗോപാൽ വർമ. തെന്നിന്ത്യൻ സിനിമകൾ തരംഗമായി മുന്നേറുന്നു. ബോളിവുഡ് സിനിമകളിൽ അങ്ങനെയൊരു കലാപരമായ മാറ്റം സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
നിലവിലെ സാഹചര്യത്തിൽ ബോളിവുഡ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രമായി സിനിമയെടുക്കേണിവരുമെന്ന് രാം ഗോപാൽ ട്വീറ്റ് ചെയ്തു. കെ.ജി.എഫ്- ചാപ്റ്റർ 2 ന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ നാനൂറ് കോടിയും കടന്ന് ജൈത്രയാത്ര തുടരുന്ന അവസരത്തിലാണ് പ്രതികരണം.
വലിയ ഇരുണ്ട മേഘം മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ ലോകാവസാന ദിനത്തിൻ്റെ നിഴൽ വീഴ്ത്തുന്നത് പോലെയാണ് കെ.ജി.എഫിന്റെ മുന്നേറ്റം. ഈ കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും താര സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പഴയ ഫാഷനിലുള്ള വമ്പന്മാരെ വിഴുങ്ങുന്ന മണൽക്കുഴിയാണ് കെ.ജി.എഫ് 2 എന്നും അഭിപ്രായപ്പെട്ടിരുന്നു. മാറ്റത്തിന് വിധേയമാവാതെ തുടരുന്നു ബോളിവുഡിനെ കുറിച്ചുള്ള ആശങ്ക പൊതുവായി ഉയരുകയാണ്.
നേരത്തേയും സമാനരീതിയിൽ അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളേയും ബോളിവുഡ് സിനിമകളേയും താരതമ്യം ചെയ്തിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നുമാണ് അന്ന് പ്രതികരിച്ചത്.


