ഇന്ത്യൻ വംശജനായ ഋഷി സുനക് (42) ബ്രിട്ടൻ്റെ പ്രധാനമന്ത്രിപദത്തിലേക്ക്. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക്കിന് പദവി ഉറപ്പായത്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദ്ദേഹം.
ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെ പാർലമെൻ്റേറിയനാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. സാമ്പത്തികനയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിട്ടതോടെ ആയിരുന്നു ലിസിന്റെ രാജി. നേരത്തെ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.
പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാര്‍ഥിക്കേ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.
ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്. ബ്രിട്ടീഷ് പാർലമെൻ്റിൽ ആദ്യമായി ഭഗവത് ഗീത തൊട്ട് പ്രതിജ്ഞ ചെയ്ത എം.പിയാണ്. 1960 ൽ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് ഇന്ത്യൻ വംശജരായ ഇദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ബ്രിട്ടനിലേക്ക് കുടിയേറിയത്. ജീവിത രീതികളിലെ അതി സമ്പന്നതയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുളള ഋഷി ബംഗളൂരുവിലെ ബന്ധു ഗൃഹങ്ങളിൽ പതിവായി എത്താറുള്ള വ്യക്തിയുമാണ്.

42 വയസുകാരനായ ഇദ്ദേഹം ഒക്ടോബർ 28നാണ് അധികാരമേൽക്കേണ്ടത്.


