പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. ബെംഗളൂരു സ്ഫോടനകേസില്‍ പ്രതിയായ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും വൻ തുക ചിലവിനത്തിൽ കെട്ടിവെക്കാനുള്ള ഉപാധി ബാധ്യതയായി.
ബെംഗളൂരുവില്‍ കഴിയവേ ഏപ്രില്‍ 17-നാണ് മൂന്നു മാസത്തേക്ക് കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവുനല്കിയത്. സുരക്ഷാ ചെലവിലേക്കായി മാസം 20 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉപാധി വെച്ചു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശം മുൻനിർത്തിയാണ് മുൻ കർണാടക സർക്കാർ വൻ തുക ആവശ്യപ്പെട്ട് യാത്രയ്ക്ക് ഉപാധി വെച്ചത്.
തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ജാമ്യ വ്യവസ്ഥയിലെ ഇളവില്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. യാത്ര അകമ്പടിക്കുള്ള ചെലവ് ഇപ്പോഴത്തെ സർക്കാർ പിൻവലിച്ചേക്കും എന്ന ധാരണയാണ്.
ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് പ്രധാനമായും കേരളത്തിലേക്കുള്ള മഅദനിയുടെ വരവ്. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅദനി തുടര്‍ന്ന് അന്‍വാര്‍ശേരിയിലേക്ക് തിരിക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.


