സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരാകാന്‍ 31 വനിതകൾ റെഡി. പ്രായോഗിക പരിശീലനം ആരംഭിച്ച 31 സൗദി വനിതകള്‍ ഹൈസ്പീഡ് ട്രെയിനുകൾ ഓട്ടി തുടങ്ങി.
ജിദ്ദ വഴി മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിനില്‍ അവരുടെ ക്യാബ് അപ്രന്റീസ്ഷിപ്പ് തുടങ്ങി.
ഈ വർഷം തന്നെ ഇവർ ഡ്രൈവര്‍മാര്‍ക്കൊപ്പം ക്യാബില്‍ പങ്കാളികളാകും. പരിശീലന പരിപാടി മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്.
അടിസ്ഥാന റെയില്‍വേ പരിജ്ഞാനം, ട്രാഫിക്, സുരക്ഷാ ചട്ടങ്ങള്‍, ജോലി അപകടങ്ങള്‍, അഗ്നിശമന പ്രവര്‍ത്തനങ്ങള്‍, ട്രെയിന്‍- റെയില്‍വേ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങള് എന്നിവ ഉള്‍പ്പെടെ 483 മണിക്കൂര്‍ സൈദ്ധാന്തിക പരിശീലനം ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹൈ-സ്പീഡ് റെയില്‍ നിയന്ത്രിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെന്‍ഫെയും സൗദി റെയില്‍വേ പോളിടെക്നിക്കും (എസ്ആര്‍പി) പരിശീലനത്തിൽ പങ്കാളികളാവുന്നു.
അപേക്ഷകരായി എത്തിയത് 28000 വനിതകൾ
സൗദി അറേബ്യയില്‍ 30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനായി റെന്‍ഫെ നേരത്തെ നല്കിയ തൊഴില്‍ പരസ്യത്തിന് രാജ്യത്തുടനീളം വൻ പ്രതികരണമാണ് ലഭിച്ചത്. ഏകദേശം 28,000 സ്ത്രീകള്‍ ട്രെയിന്‍ ഓടിക്കാനുള്ള അവസരത്തിനായി ശ്രമം നടത്തി. ഇതില്‍നിന്നും 145 പേര് വ്യക്തിഗത അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 34 പേര് മാത്രമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തില്‍ എത്തിയത്.
പരിശീലനത്തിന്റെ സൈദ്ധാന്തിക ഭാഗം വിജയിച്ച 31 പേരില്‍ 70 ശതമാനം പേര്‍ക്കും യൂണിവേഴ്സിറ്റി ബിരുദമുണ്ട്. നിലവിലെ നിയമന, പരിശീലന ഘട്ടത്തില്‍ പങ്കെടുക്കുന്ന പുരുഷ ഇന്റേണുകള്‍ക്ക് 30 ശതമാനം മാത്രമാണുള്ളത്.


