ക്രിപ്റ്റോ കറന്‍സിയുടെയും കറന്‍സി വ്യാപാരത്തിന്റെയും പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിന് ഇരയായ ഒരു വ്യക്തിയുടെ പരാതി അന്വേഷിച്ചപ്പോഴാണ് കേസിൻ്റെ വ്യാപ്തി പൊലീസിനും വെളിപ്പെടുന്നത്.
തട്ടിപ്പുസ്ഥാപനത്തിന്റെ ഡയറക്ടര്‍ വടക്കാഞ്ചരി മലാക്ക കണ്ടരത്ത് വീട്ടില്‍ രാജേഷ് മലാക്ക (46) എന്ന കെ.ആര്‍. രാജേഷിനെയും സ്ഥാപനത്തിന്റെ പ്രൊമോട്ടര്‍ തൃശ്ശൂര്‍ അരണാട്ടുകര പല്ലിശ്ശേരി വീട്ടില്‍ ഷിജോ പോളി(45)നെയുമാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
1.66 ലക്ഷം രൂപ തട്ടിച്ചുവെന്ന രണ്ടുപേരുടെ പരാതികളിലാണ് അറസ്റ്റ്. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയെന്നാണ് പോലീസ് നിഗമനം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്. ഇവര്‍ക്ക് ആകെ 35,000 നിക്ഷേപകരുണ്ടെന്നാണ് ഏകദേശകണക്ക്.
നിക്ഷേപകരെ ചേർക്കാൻ മണി ചെയിൻ മാതൃക
ടോള്‍ ഡീല്‍ വെന്‍ച്വേര്‍സ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപങ്ങള്‍ക്ക് ഇരട്ടിപ്പണം ലാഭവിഹിതമായി നല്‍കുമെന്നായിരുന്നു വാഗ്ദാനം. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാണ് ഇത്രയും ലാഭം ഉണ്ടാക്കുന്നതെന്നായിരുന്നു വാദം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍ എന്നിവയും തട്ടിപ്പിനായി പ്രയോജനപ്പെടുത്തി. പുതിയ ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് വരുമാനവര്‍ധനയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. 2018-ല്‍ ആണ് തട്ടിപ്പ് ആരംഭിച്ചത്.
നാട്ടിൽ പൊതു സ്വീകാര്യതയുള്ളവരെ കണ്ടെത്തി അവർ വഴിയാണ് ഇവർ ചെയിൻ വിപുലപ്പെടുത്തുന്നത്. പലപ്പോഴും ലാഭത്തിൻ്റെ കഥകളിൽ പെട്ടെന്ന് ആളുകൾ വീഴുന്നു. ഇതിനു പുറമെ ഇവർ ഒരുക്കുന്ന ഉന്നത നിലവാരമുള്ള സാഹചര്യങ്ങളും വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തുന്നു. ഇതെല്ലാം ഇടപാടുകാരുടെ പണം കൊണ്ടാണെന്ന യാഥാർത്ഥ്യം തട്ടിപ്പ് പുറത്താവുമ്പോൾ മാത്രമാണ് വെളിവാകുന്നത്.
അറസ്റ്റിലായവരെ കൂടാതെ സ്ഥാപനത്തിന്റെ മറ്റു പ്രൊമോട്ടര്‍മാരായ മലപ്പുറം കാളികാവ് പാലയ്ക്കാത്തൊടി മുഹമ്മദ് ഫസല്‍, തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേശത്ത് കുന്നത്തുപടിക്കല്‍ കെ.ആര്‍. പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കല്‍ ലിജോ എന്നിവരും പ്രതികളാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
രാജേഷ് മലാക്കയുടെയും കൂട്ടാളിയുടെയും കോയമ്പത്തൂരിലെ ആഡംബര ഒളിത്താവളത്തില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്കുധാരികളായ അംഗരക്ഷകര്‍വരെ ഇവര്‍ക്കുണ്ടായിരുന്നു.
പഴുവില്‍ സ്വദേശിയുടെയും കല്ലൂര്‍ സ്വദേശിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണിവര്‍ അറസ്റ്റിലായത്. 55,000 രൂപയാണ് പഴുവില്‍ സ്വദേശിക്ക് നഷ്ടമായത്.
കല്ലൂര്‍ സ്വദേശിക്ക് 1.11 ലക്ഷം രൂപ നഷ്ടപ്പെട്ടു. രാജേഷ് മലാക്കയ്‌ക്കെതിരേ മുമ്പും മണിചെയിന്‍ തട്ടിപ്പ് സംബന്ധിച്ച പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 2010-ല്‍ പ്രൈം വേ എന്ന സ്ഥാപനം ഇയാള്‍ നടത്തിയിരുന്നു. ഈ സ്ഥാപനം വഴി തട്ടിപ്പ് നടത്തിയെന്നാണ് പരാതിയുണ്ടായിരുന്നത്. ഈ കേസുകളെല്ലാം പിന്നീട് ഒത്തുതീരുകയായിരുന്നു.
അന്വേഷണസംഘത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദ്, സബ് ഇന്‍സ്‌പെക്ടര്‍ എ.ആര്‍. നിഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരീഷ്‌കുമാര്‍, വി.വി. ദീപക്, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, സുനീപ് എന്നിവരാണുണ്ടായിരുന്നത്.


